കണ്ണൂര്‍: ഗുരുതര ആരോപണങ്ങൾക്ക് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടന്നു. ഇതിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 400 പേര്‍ക്കെതിരെ കേസെടുത്തു. പൊതു മുതല്‍ നശിപ്പിച്ചതിനും അക്രമസംഭവങ്ങളില്‍ പങ്കെടുത്തതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്.
ഇന്നലെ രാവിലെ 11 മണിയോടെ ഡി.സി.സി ഓഫിസില്‍ നിന്നും നൂറു കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് തുടങ്ങിയത്.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു മാര്‍ച്ച് ഉദ്ഘാടനംചെയ്തതിനു ശേഷം പ്രവര്‍ത്തകര്‍ പൊലിസ് കലക്ടറേറ്റ് കവാടത്തില്‍ ഉയര്‍ത്തിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം തുടങ്ങിയത്.
ബാരിക്കേഡിനു മുകളില്‍ ചില പ്രവര്‍ത്തകര്‍ കയറിപ്പറ്റിയെങ്കിലും പൊലിസ് പ്രതികരിച്ചില്ല. ഇതോടെയാണ് സ്ഥലത്ത് സജ്ജമായിരുന്ന വരുണ്‍ പീരങ്കി ജലം ചീറ്റിയത്. ഇതോടെ അതിശക്തമായ വെള്ളം ചീറ്റലില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അടിതെറ്റി.പൊലിസ് അനാവശ്യമായി ജലപീരങ്കി പ്രയോഗിച്ചുവെന്ന് ആരോപിച്ചു പ്രവര്‍ത്തകര്‍ ജലപീരങ്കിക്കുനേരെ പാഞ്ഞടുത്തു.
വരുണിന്റെ മുന്‍ഭാഗത്ത് കയറിയ പ്രവര്‍ത്തകര്‍ കൊടികൊണ്ടു ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലിസ് ഡ്രൈവറുമായിവാക്കേറ്റം നടത്തുകയും ചെയ്തു.വരുണിനു നേരെ കുപ്പിയേറും കല്ലേറും നടന്നു. വരുണിന്റെ മുകളില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ കൊടികെട്ടുകയും കാറ്റഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുതടഞ്ഞ പൊലിസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും ചെയ്തു. കലക്ടറേറ്റിനു മുന്‍പില്‍ വെച്ച ഡിവൈഡറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചു.
കല്ലേറുണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് കലക്ടറേറ്റിന് മുന്‍പിലെ കടകളും പെട്രോള്‍ പമ്പും പൊലിസ് അടപ്പിച്ചിരുന്നു. രണ്ടുമണിക്കൂറോളമുളള സംഘര്‍ഷം ഒടുവില്‍ നേതാക്കളുടെ ഇടപെടലോടെയാണ് ശാന്തമായത്. സമരത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്,കപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, സജീവ് മാറോളി, സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, യുഡിഎഫ് ചെയര്‍മാന്‍ പിടി മാത്യു,
പ്രൊഫ:എ ഡി മുസ്തഫ,എന്‍ പി ശ്രീധരന്‍,കെ സി മുഹമ്മദ് ഫൈസല്‍,രജനി രമാനന്ദ്,സുദീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ്,അഡ്വ.റഷീദ് കവ്വായി,ടി ജയകൃഷ്ണന്‍, സാജു കെ പി,രാജീവന്‍ എളയാവൂര്‍,സി ടി ഗിരിജ,രജിത്ത് നാറാത്ത്,ബെന്നി തോമസ്സ്,ബൈജു വര്‍ഗീസ്,അഡ്വ.സി ടി സജിത്ത്,എം കെ മോഹനന്‍,കെ സി ഗണേശന്‍, ടി ജനാര്‍ദനന്‍,മാധവന്‍ മാസ്റ്റര്‍,അജിത്ത് മാട്ടൂല്‍,അമൃത രാമകൃഷ്ണന്‍,ലിസി ജോസഫ്,വി പി അബ്ദുല്‍ റഷീദ്,ജൂബിലി ചാക്കോ,എന്നിവര്‍ നേതൃത്വം നല്‍കി.