തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിനെ അടിമുടി മാറ്റാനൊരുങ്ങി പുതിയ നേതൃത്വം. ഇതിനായി പുതിയ മാർഗരേഖയും അവതരിപ്പിച്ചു. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്റെ പാതയൊരുക്കിയാണ് മാർഗരേഖ.
ഇനി മുതൽ പ്രവർത്തകരെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും പാർട്ടിയുടെ മുന്നോട്ട് പോക്ക്. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. പരാതികള്‍ പരിഹരിക്കാന്‍ ഡിസിസി തല പരാതി പരിഹാര സമിതിയുണ്ടാകും.
സ്റ്റേജില്‍ നേതാക്കളെ കുത്തിനിറയ്ക്കരുത്. നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രമേ സ്റ്റേജില്‍ നേതാക്കളെ ഉള്‍പ്പെടുത്താവൂ. വ്യക്തി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.
നാട്ടിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്റീവെന്നും മാർഗരേഖയിൽ പറയുന്നു.