മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാൻ ലജ്ജിക്കുന്നെന്ന് സുധാകരൻ; ഭരിച്ചു മുടിച്ചെന്ന് വേണുഗോപാൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ തിരുവനന്തപുരത്തെ സമാപനവേദിയിൽ ഇടതുഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ.

പത്തുവർഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗർത്തത്തിലേക്ക് വീഴുകയാണെന്ന് കെ. സുധാകരൻ എം.പി. പറഞ്ഞു. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തന്റെ നാട്ടുകാരനാണെന്ന് പറയാൻ ലജ്ജിക്കുന്നു. കഴിവും പ്രാപ്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹത്തിന് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും സുധാകരൻ ആരോപിച്ചു.

പത്തുവർഷത്തെ കേരളത്തിന്റെ ദുർഭരണം അവസാനിപ്പിച്ച് 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാട് മുടിച്ച ഭരണമാണ് കേരളത്തിലേത്. എത്ര പരസ്യംനൽകിയാലും മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾക്ക് നിങ്ങളുടെ മുഖം നന്നാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം, അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തുകൊല്ലം കേരളജനതയെ ഭരിച്ചുമുടിച്ച സർക്കാരിന്റെ പടിയിറക്കം കാത്തുനിൽക്കുകയാണ് കേരളത്തിലെ ജനതയൊന്നാകെയെന്ന് കെസി വേണുഗോപാൽ എം.പി. വിമർശിച്ചു.

കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് സതീശൻ പുതുയുഗയാത്രയ്ക്ക് തുടക്കം കുറിക്കുക മാത്രമായിരുന്നെന്നും യാത്ര നടത്തിയത് കേരളത്തിലെ മുഴുവനും ജനങ്ങളാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതിനിടയ്ക്ക് വേറെ ചില യാത്രകളൊക്കെ കടന്നുപോയിട്ടുണ്ട്. ആ യാത്രകളൊക്കെ കണ്ടാൽത്തന്നെ തോന്നും, ആ യാത്രകൾക്കൊന്നും സ്വീകരണമല്ല ലഭിച്ചത് യാത്ര അയപ്പാണ് ലഭിച്ചതെന്ന്, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News