FeaturedHome-bannerKeralaNews

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ: കെപിസിസി അംഗവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.

പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി. 

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. കമ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കിയെങ്കിലും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽ നിന്നു പിൻമാറിയുമില്ല.

സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും  വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു. 

തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button