തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി എന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. വോട്ടെടുപ്പ് പൂർത്തിയായ നിമിഷം മുതൽ ആരംഭിച്ച ഗ്രൂപ്പ് പോര് ഇപ്പോൾ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ അനുകൂലിക്കുന്ന മൂന്ന് പ്രബല ക്യാമ്പുകളാണ് തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രി പദവിയിലെത്തിക്കാൻ അണിയറയിൽ കരുനീക്കുന്നത്. വരുംദിവസങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകുന്നതിന് മുൻപേ എംഎൽഎമാരുടെ പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിജയിക്കാൻ സാധ്യതയുള്ള എംഎൽഎമാരെ നേരിട്ട് കണ്ട് പിന്തുണ തേടുന്ന രീതിയിലേക്ക് ഗ്രൂപ്പ് മാനേജർമാർ നീങ്ങിയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള പോരാട്ടം പരസ്യമാകുമ്പോഴും, കേന്ദ്ര നേതൃത്വത്തിലുള്ള കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാൽ കെ.സി.യുടെ വരവിനോട് യുഡിഎഫിലെ ഘടകക്ഷികൾ എത്രത്തോളം യോജിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. എങ്കിലും വേണുഗോപാൽ അനുകൂലികൾ തങ്ങളുടെ നേതാവിനായി നിശബ്ദ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് വ്യാപിക്കുന്നത് തടയാൻ കെപിസിസി അധ്യക്ഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കാട്ടി സർക്കുലർ പുറത്തിറക്കുകയും ചെയ്തു. ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷി വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതോടെ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സൈബർ പോരാളികൾ ചേരിതിരിഞ്ഞ് ആക്രമണം തുടരുകയാണ്. നേതാക്കളെ പുകഴ്ത്തിയും എതിരാളികളെ ഇധിക്ഷേപിച്ചും ഫേസ്ബുക്കിലും വാട്സാപ്പിലും വാഗ്വാദങ്ങൾ കൊഴുക്കുകയാണ്.
കഴിഞ്ഞ ദിവസം ആലുവയിൽ വി.ഡി. സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്‌ളക്‌സുകൾ ഉയർന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഗ്രൂപ്പ് വൈരം വോട്ടെണ്ണലിന് മുൻപേ തെരുവിൽ പ്രകടമാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് മുതിർന്ന നേതാക്കൾ. എങ്കിലും തങ്ങളുടെ നേതാവിന് ജനപ്രീതിയുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് അണികൾ.
യുഡിഎഫിലെ ഘടകക്ഷികളുടെ നിലപാടും ഈ അധികാരത്തർക്കത്തിൽ നിർണ്ണായകമാകും. ചില പ്രമുഖ ഘടകക്ഷി നേതാക്കൾ സതീശനെയും ചെന്നിത്തലയെയും നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കെ.സി. വേണുഗോപാൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സാധ്യത കൂടുതൽ എന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോഴും, അവസാന നിമിഷം ഹൈക്കമാൻഡ് ഒരു അപ്രതീക്ഷിത പേര് നിർദ്ദേശിക്കുമോ എന്ന ഭയവും ഇരു ക്യാമ്പുകൾക്കുമുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ അണികൾക്കിടയിലുള്ളത്.
കോൺഗ്രസിനുള്ളിലെ ഈ പടലപ്പിണക്കം വോട്ടെണ്ണൽ ദിവസം വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന് നിരീക്ഷകർ കരുതുന്നു. പരാജയപ്പെട്ടാൽ പഴി ചാരുന്നതിനും വിജയിച്ചാൽ അവകാശവാദം ഉന്നയിക്കുന്നതിനും നേതാക്കൾ ഇപ്പോൾ തന്നെ തന്ത്രങ്ങൾ മെനയുകയാണ്. സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത് മുതൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇപ്പോൾ ക്ലൈമാക്സിലേക്ക് നീങ്ങുന്നത്. എംഎൽഎമാരുടെ എണ്ണം തികയുന്നതിനനുസരിച്ച് മാത്രമേ ആർക്ക് മുൻതൂക്കം ലഭിക്കുമെന്ന് പറയാൻ സാധിക്കൂ.
അധികാരം ലഭിക്കുന്നതിന് മുൻപേയുള്ള ഈ വടംവലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന ഭയത്തിലാണ് ഹൈക്കമാൻഡ്. കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോഴും, ആഭ്യന്തര കലഹം ജയത്തെ ബാധിക്കുമോ എന്ന സംശയവും നിലനിൽക്കുന്നു. ഫലം വരുന്ന മെയ് മാസത്തിൽ കേരളം മറ്റൊരു രാഷ്ട്രീയ നാടകത്തിന് കൂടി സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.
Even before the 2026 election results are out, internal rift has intensified within the Congress regarding the Chief Ministerial post. Camps favoring K.C. Venugopal, Ramesh Chennithala, and V.D. Satheesan are actively lobbying to secure support from potential MLAs. Despite KPCC warnings and high command intervention, group rivalries continue through social media wars and unauthorized posters, creating a complex power struggle in anticipation of a UDF victory.


