ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ നിലവിലെ നടത്തിപ്പുകാര്‍ ചില അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഇച്ഛാശക്തി ചോര്‍ന്നുപോയതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും കരാര്‍ നല്‍കിയിരിക്കുകയാണെന്നും നേതാക്കളല്ല യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടത്തിക്കൊണ്ടു പോകുന്നതെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
‘കോണ്‍ഗ്രസിന്റെ ഇച്ഛാശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള നേതാക്കളെല്ലാം വാപൂട്ടി ഒരഭിപ്രായവും പറയാതെ ഇരിക്കുകയാണ്. കോണ്‍ഗ്രസ് നശിച്ചു, അന്നവര്‍ കടക്കെണിയില്‍ കുടുങ്ങി, ഇന്നവര്‍ തങ്ങളുടെ പാര്‍ട്ടികാര്യങ്ങള്‍ കരാറിന് കൊടുത്തിരിക്കുകയാണ്.
പാര്‍ട്ടി നേതാക്കളല്ല ഇപ്പോഴത് നടത്തിക്കൊണ്ടുപോകുന്നത്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപവത്കരണംവരെ പുറത്തുനിന്ന് ആളെക്കൊണ്ടുവന്നാണ് ചെയ്യിക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നത്- മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്. പാവപ്പെട്ടവരുടെ വീടുകളും കോളനികളും അവര്‍ക്ക് വീഡിയോഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാഹസിക ടൂറിസമാണ്. മുന്‍കാലത്തും ഇതൊക്കെത്തന്നെയാണ് കോണ്‍ഗ്രസ് ചെയ്തിരുന്നത്. അതേസമയം ബിജെപി രാജ്യത്തിന്റെ വികസിതവും മഹത്തരവുമായ മുഖമാണ് ലോകത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു പൗരനേയും ദാരിദ്ര്യത്തില്‍ കഴിയാന്‍ താനനുവദിക്കില്ലെന്നും മോദി പറഞ്ഞു.
‘എന്റെ രീതി, കഠിനാധ്വാനം, കാഴ്ചപ്പാട് എല്ലാം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യവും രാജ്യത്തെ ജനങ്ങളുമാണ് എനിക്കേറ്റവും പ്രധാനം. ഞാന്‍ നിരവധി വിഷമതകള്‍ നേരിട്ടിട്ടുണ്ട്, പക്ഷെ രാജ്യത്തെ ജനങ്ങള്‍ ഒരു തരത്തിലുള്ള കഷ്ടപ്പാടും അഭിമുഖീകരിക്കാന്‍ ഞാന്‍ അനുവദിക്കില്ല’- മോദി പറഞ്ഞു.
മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടാനായി എല്ലാ ബി.ജെ.പി. പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. വികസിത ഇന്ത്യയ്ക്കായി വികസിതമായ മധ്യപ്രദേശ് മുഖ്യമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.