കൊച്ചി: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി യുടെ ഫണ്ട് ശേഖരണത്തിന് -138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതിശീന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തന്റെ ശമ്പളത്തില്‍ നിന്നും 13938 രൂപ നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ജനങ്ങളെ ആശ്രയിച്ചാണെന്നും പണം നല്‍കാന്‍ അദാനിമാരില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. അദാനിമാരെ കോണ്‍ഗ്രസ് സൃഷ്ടിച്ചിട്ടുമില്ല. അദാനിയുമായി ബന്ധപ്പെട്ട കുംഭകോണമാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ലോകം ഇന്‍ഡ്യയെ സശ്രദ്ധം വീക്ഷിക്കുന്നതും അദാനി വിഷയത്തിലാണ്. രാഹുല്‍ ഗന്ധി ഒമ്പത് വര്‍ഷമായി പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇന്ന് യാഥാര്‍ഥ്യത്തില്‍ എത്തിയിരിക്കുന്നത്.
അന്ന് രാഹുല്‍ ഗാന്ധിയെ ചിലര്‍ പരിഹസിച്ചു. ലോകസഭയില്‍ അദേഹം പ്രധാനമന്ത്രിയോട് ചിലകാര്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് പ്രധാനമന്ത്രി മോദി വിദേശത്തേക്ക് യാത്ര ചെയ്തപ്പോള്‍ എത്ര തവണ അദാനി ഉണ്ടായിരന്നു എന്നതാണ്. ഇല്ലായിരുന്നുവെങ്കില്‍ ഇല്ല എന്ന് പറയുന്നതിന് പകരം പ്രസംഗം നീക്കം ചെയ്തു.
ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളിലൊക്കെ മോദിക്കൊപ്പമോ പിന്നോലെയോ അദാനി ഉണ്ടായിരുന്നു. അവിടെ നിന്നൂം എത്ര കരാറുകള്‍ അദാനി ഒപ്പിട്ടുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്തിന്റെ ഓഹരി വിപണി തകര്‍ത്തുന്നത് അദാനിയാണ്. എല്‍.ഐ.സി, എസ്.ബി.ഐ എന്നിവിടങ്ങളില്‍ നിന്നൊക്കെ പണം വാരിക്കോരി അദാനിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുന്ന കാഴ്ചയും ഇന്‍ഡ്യ കണ്ടു.തിരുവനന്തപും അടക്കം ആറു വിമാനത്താവളങ്ങളാണ് അദാനിക്ക് നല്‍കിയത്.
കേരള സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം നല്‍കുന്നതിനെ എതിര്‍ത്തതാണ്. ശാസ്ത്ര മേഖലയും ഒരാള്‍ക്ക് രണ്ടു വിമാനത്താവളങ്ങളില്‍ കൂടുതല്‍ നല്‍കുന്നതിനെ എതിര്‍ത്തു.
അദാനിയുടെ കുംഭകോണം രാജ്യം ചര്‍ച്ച ചെയ്യണ്ടേയെന്ന് കെ.സി.ചോദിച്ചു. അദാനിയുടെ പണം ഷെല്‍ കമ്പനികളിലൂടെയാണ് കൈമാറിയത്.
മോദി ഭരണത്തില്‍ ബി ജെ പിക്ക് എത്ര ബോണ്ടു അദാനി കൊടുത്തുവെന്ന് അറിയണ്ടേ? ഈ കുംഭകോണം കോണ്‍ഗ്രസ് വിടില്ല. ചോദിച്ചു കൊണ്ടേയിരിക്കും. ജനങ്ങളും ചോദിക്കും-അദേഹം പറഞ്ഞു.
കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ ഇത്തവണത്തെ ഫണ്ട് ശേഖരണ ക്യാമ്പയിന്‍ നടത്താന്‍ കെപിസിസി തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇതിനായി ആകര്‍ഷകവും ലളിതവുമായ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
138 ചലഞ്ചില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടേയും ബൂത്ത്, മണ്ഡലം, അസംബ്ലി, ജില്ല അടക്കമുള്ള വിവരങ്ങള്‍ കെപിസിസിക്ക് ലഭ്യമാവുന്ന തരത്തിലാണ് മൊബൈല്‍ ആപ്പ് പ്രവര്‍ത്തിക്കുക. ഓരോ കമ്മിറ്റികള്‍ക്കും നല്‍കിയിട്ടുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്താന്‍ കെപിസിസിക്ക് ഇതിലൂടെ സാധിക്കും.
മാര്‍ച്ച് 26 വരെയാണ് കാലാവധി. ഒരു ബൂത്തില്‍ നിന്നും കുറഞ്ഞത് 50 പേരെ ചേര്‍ത്തിരിക്കണം എന്ന സന്ദേശമാണ് ബന്ധപ്പെട്ട നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. 138 രൂപയില്‍ കൂടുതല്‍ എത്ര തുക വേണമെങ്കിലും നല്‍കാവുന്നതാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടുള്ള അര്‍പ്പണ മനോഭാവമായി ഇതിനെ കാണുന്നു എന്നും കെ സുധാകരന്‍ പറഞ്ഞു.
ഇതില്‍ക്കൂടുതല്‍ ആളുകളില്‍ നിന്ന് സംഭാവന സമാഹരിക്കാന്‍ കഴിയുന്ന ബൂത്തുകള്‍ക്ക് പ്രത്യേക സ്റ്റാര്‍ റേറ്റിംഗുകളും സംഘടനാപരമായ അംഗീകാരവും നല്‍കപ്പെടും. ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ക്കും പ്രത്യേക അംഗീകാരം നല്‍കും.
ഹാഥ് സേ ഹാഥ് ജോഡോ ക്യാമ്പയിനും 138 ചലഞ്ചും വിജയകരമായി നടപ്പാക്കുന്നതിനായി
കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം ചെയര്‍മാനായും ജനറല്‍ സെക്രട്ടറി പഴകുളം മധു കണ്‍വീനറായും സംസ്ഥാന തല ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
കെ.ജയന്ത്,എംഎം നസീര്‍, ജി.എസ്.ബാബു,പി.എം.നിയാസ്, പിഎ സലീം, എം. ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമാനമായ രീതിയില്‍ ജില്ലാ തലങ്ങളിലും മോണിറ്ററിംഗ് സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന KPCC138 എന്ന ആപ്പ് വഴിയാണ് സംഭാവനകള്‍ സ്വീകരിക്കേണ്ടത്.