FeaturedHome-bannerKeralaNews

ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ

തൊടുപുഴ: 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 16 ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നതിന് ചെറുതോണിയിൽ ചേർന്ന ഡി.സി.സി നേതൃയോഗം തീരുമാനിക്കുകയായിരുന്നു. 

1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു.

ഡിജിറ്റൽ സർവേയിലൂടെ കർഷകൻ്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സർവേയുമായി സർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികൾ പൂർണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്.

2019 ഡിസംബർ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകി എൽ.ഡി.എഫ് ജില്ലാ നേതൃത്വം ജനങ്ങളെ  വിഡ്ഡികളാക്കിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഹർത്താലിനു മുന്നോടിയായി 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് കർഷക മാർച്ച് നടത്തുമെന്നും സി പി മാത്യു അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button