KeralaNews

നാട് കോവിഡ് ദുരിതത്തിൽ വലയുമ്പോൾ മുഖ്യമന്ത്രി വിദേശയാത്രയിൽ, ഭൂഷണമോയെന്ന് കോണ്‍ഗ്രസ്

ദുബായ്: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ശനിയാഴ്ച രാവിലെ ദുബായിൽ വന്നിറങ്ങിയ മുഖ്യമന്ത്രി വരുംദിവസങ്ങളിൽ യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.

ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് വിമാനത്താവളത്തിൽ ദുബായ് കോൺസുൽ ജനറൽ അമൻപുരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം ഒന്നാം തിയതി മുതലാണ് യുഎഇയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. അറബ് ലോകത്തെ നിക്ഷേപക പ്രമുഖരെ നേരിൽ കാണും മലയാളി വ്യവസായികളെയും സംരഭകരെയും ലക്ഷ്യമിട്ടുള്ള സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.

യുഎസിൽ നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷം ഫെബ്രുവരി മൂന്നിന് ദുബായിലേക്ക് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് പരിപാടികളിൽ മാറ്റം വരുത്തുകയായിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി ഭരണചുമതല ആർക്കും കൈമാറാതെ വിദേശ യാത്ര നടത്തുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. കേരളം കോവിഡിന്റെ ദുരിതം അനുഭവിക്കുമ്പോൾ ചികിത്സക്ക് പോവുന്നത് മനസ്സിലാക്കാം, പക്ഷേ ഭരണത്തിന്റെ ചുമതല പോലും ആരെയും ഏൽപ്പിക്കാതെ മറ്റു രാജ്യങ്ങൾ സന്ദർശിച്ചു നടക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോയെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button