തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖക്കെതിരെ വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ പറഞ്ഞു.
വൈകുന്നേരം വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. അതേസമയം, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.
സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. നാളെ മുതല്‍ ഒന്‍പതാം തരത്തില്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചവരെ ഓഫ്ലൈന്‍ ക്ലാസ് ഉണ്ടായിരിക്കും. ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അവധി ദിവസങ്ങള്‍ ഒഴികെ ശനിയാഴ്ചകളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ട് വരെ ഉണ്ടാകും.
സാങ്കേതികമായി സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ വിദ്യാര്‍ഥികള്‍ എല്ലാം സ്‌കൂളുകളില്‍ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസില്‍ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.