FeaturedKeralaNews

ലതികാ സുഭാഷിന് സീറ്റില്ല,വേണുരാജാമണി തൃപ്പുണിത്തുറയില്‍ വിഷ്ണുനാഥ് കൊല്ലത്ത്,ഉമ്മന്‍ചാണ്ടി നേമത്തേക്ക്;വിശ്വസ്ഥര്‍ക്ക് സീറ്റില്ല

ന്യൂഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ നിലമ്പൂരില്‍ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് സൂചന. പി.സി.വിഷ്ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ് കുമാര്‍ (ചാലക്കുടി), ജോസ് വളളൂര്‍ (ഒല്ലൂര്‍), അഡ്വ.അശോകന്‍ (ഉടുമ്പന്‍ചോല), സിറിയക് തോമസ്(പീരുമേട്), മലയിന്‍കീഴ് വേണുഗോപാല്‍(കാട്ടാക്കട), കെ.പി.അനില്‍കുമാര്‍(വട്ടിയൂര്‍ക്കാവ്). നേമത്ത് സസ്‌പെന്‍സ് നിലനില്‍ക്കവെ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തുമെന്നാണ് സൂചന.

വേണു രാജാമണിയെ തൃപ്പൂണിത്തുറയിലേക്കും പരിഗണിക്കുന്നു. നെതര്‍ലന്‍ഡ്‌സ് മുന്‍ സ്ഥാനപതിയാണ് വേണു രാജാമണി. ബി.ആര്‍.എം. ഷഫീര്‍ (നെടുമങ്ങാട്) ആനാട് ജയന്‍ (വാമനപുരം), ഷാലി ബാലകൃഷ്ണന്‍ ( വര്‍ക്കല), അന്‍സജിത റസല്‍ (പാറശാല) എന്നിവരെയും പരിഗണിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥരായ കെ.സി.ജോസഫും കെ. ബാബുവും പുറത്തേക്കെന്നാണ് സൂചന.

കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കന്‍ മത്സരിച്ചേക്കും. സാമുദായിക സമവാക്യങ്ങളില്‍ തട്ടി മുവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍ പകരം സ്ഥാനാര്‍ഥികളെ ആലോചിച്ചെങ്കിലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ വാദം തുണച്ചു. ആറന്മുളയില്‍ രാഹുല്‍ മാങ്കൂട്ടത്തിനാണ് സാധ്യത.വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍ കുമാറിനെയും വൈപ്പിനില്‍ ദീപക് ജോയിയെയും പരിഗണിച്ചേക്കും.നാളെ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. കെ സി ജോസഫ്, കെ ബാബു എന്നിവര്‍ക്ക് സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവില്ലാത്തിനാല്‍ നേമത്തേക്കുള്ള കെ മുരളീധരന്റെ സാധ്യത മങ്ങി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന് സീറ്റില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കൂടി അംഗീകരിച്ച് പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയാവും നാളെ പുറത്തിറക്കുക.

അതേ സമയം നേമം മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. കെ.മുരളീധരന്‍ എംപി മത്സരിക്കാന്‍ സാധ്യതയില്ല.

എന്നാല്‍, 50 വര്‍ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നും നേമത്ത് മത്സരിക്കുമെന്ന് ആര് പറഞ്ഞെന്നുമാണ് ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചത്. പുതിയ വാര്‍ത്ത എങ്ങനെ വന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

ബിജെപിയെ തോല്‍പ്പിക്കാനുള്ള ശക്തമായ തന്ത്രങ്ങളാവും നേമത്തുണ്ടാവുകയെന്നും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. നേമം കൂടാതെ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിജെപി ശക്തി വര്‍ധിപ്പിച്ചിരുന്നു. കെ. മുരളീധരന്റെ പേരും നേമത്തേക്കു സജീവമായി പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാല്‍ വിജയിച്ച മണ്ഡലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മേ ഉള്ളൂവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ ശക്തനായ ആളുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button