KeralaNews

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച,അന്തിമ തീരുമാനമാകാതെ 3 മണ്ഡലങ്ങൾ, രാത്രി വൈകിയും യോഗം  

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കും.സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്.

ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്തത്. ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്. വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോൺഗ്രസിന്റെ അഭിപ്രായം. രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരിൽ സുധാകരൻ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ്. കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാൽ സുധാകരന് നേരിയ വിമുഖതയുണ്ട്. അനുയായിയെ പിൻഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാർട്ടി അംഗീകരിക്കണമെന്നില്ല.

ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്. ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല. ഇക്കാര്യത്തിലും തീരുമാനം ആകാത്തതിനാൽ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന പാർട്ടിക്ക് നടത്താനും കഴിയുന്നില്ല.

പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും വീണ്ടും മത്സരിക്കുന്നതിലും പാർട്ടിയിൽ ഭിന്നഭിപ്രായമുണ്ട്. 9 തവണ മത്സരിച്ച കൊടിക്കുന്നിലിനെ മാറ്റുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജയ സാധ്യത ചൂണ്ടിക്കാട്ടി, പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും കുരുക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button