ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം. കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മറ്റൊരു ആൺ സുഹൃത്ത് പോലീസിന് മൊഴി നൽകി. മരിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം നിർണായകമാകും.
ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മ 34 കാരിയായ ആശയുടെ മറ്റൊരു ആൺ സുഹൃത്തിനെ പോലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആശയുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നാണ് മറ്റൊരു ആൺ സുഹൃത്തിനെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ആശയെയും ഭർത്താവിനെയും കേസിലെ രണ്ടാം പ്രതിയായ രതീഷിനെയും പോലിസ് കണ്ടെത്തിയ ആൺ സുഹൃത്തിനെയും ഒന്നിച്ചിരുത്തി പോലിസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ആശയക്കുഴപ്പം. അതുകൊണ്ടുതന്നെ ഡിഎൻഎ പരിശോധന ഫലമാകും ഇനി കേസിൽ നിർണായകം.
പ്രസവ സമയത്ത് രതീഷ് അറിയാതെ രണ്ടാമത്തെ ഈ ആൺ സുഹൃത്തും ആശുപത്രിയിൽ എത്തി ആശയെ കണ്ടിരുന്നു. 31 ന്ന് ആശുപത്രി വിട്ട ആശ ആൺ സുഹൃത്തിനൊപ്പം അന്ധകാരനഴി കടപ്പുറത്ത് പോയിരുന്നു. ഇതിനു ശേഷമാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി ബിഗ് ഷോപ്പറിൽ കുഞ്ഞിനെ കൈമാറിയതെന്നും പോലീസിന് വ്യക്തമായി.
ഇതിനിടെ പലതവണയായി രതീഷിൽ നിന്നും ആശ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഗർഭിണി ആയിരുന്നപ്പോൾ ഗർഭം അലസിപ്പിക്കാനെന്ന പേരിലും പ്രസവത്തിനായുമാണ് ഇത്രയും തുക വാങ്ങിയതെന്നാണ് മൊഴി. ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.