തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളിലും കൊവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ പല മാര്‍ഗനിര്‍ദേശങ്ങളിലും അവ്യക്തതയും ആശയക്കുഴപ്പവുമെന്നു പരാതി.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി 20 പേര്‍ക്കായി ചുരുക്കിയതോടെ പലരും ക്ഷണക്കത്ത് അച്ചടിക്കാതെയായി. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വിവാഹ ആവശ്യത്തിനായി വസ്ത്രആഭരണ ശാലകളിലും ചെരിപ്പു കടകളിലും പ്രവേശിക്കണമെങ്കില്‍ വിവാഹ ക്ഷണക്കത്ത് നിര്‍ബന്ധമാണ്.
മറ്റാര്‍ക്കും ഈ കടകളില്‍ പോകാനും അനുമതിയില്ല. പേരിനൊരു കത്തടിക്കാമെന്നു തീരുമാനിച്ചാലും ലോക്ഡൗണില്‍ അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ വിശദീകരണം തേടിയെങ്കിലും പലതരം മറുപടികളാണു ലഭിച്ചത്.
തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊന്ന് ‘സ്റ്റേഷനറി കടകള്‍ തുറക്കരുത്’ എന്നതാണ്. ഇവ ഏതെല്ലാം കടകളാണെന്നതാണു സംശയം. സ്റ്റേഷനറി കടകളില്‍ ഒപ്പം പലവ്യഞ്ജനം വില്‍ക്കുന്നവയുമുണ്ട്. അവയ്ക്കു തുറക്കാമോയെന്നു വ്യക്തമല്ല.