മുസാഫറാബാദ്: പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധിം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജെഎഎസി (ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി) എന്ന സംഘടനയെ അധികൃതർ നിരോധിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വിവിധ കൂട്ടായ്മകളുടെ സഖ്യമാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി.
ക്രമസമാധാനം, സുരക്ഷ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞയാഴ്ച അധികൃതർ ജെഎഎസിയെ നിരോധിച്ചത്. വെള്ളിയാഴ്ച സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച റവാലാകോട്ട് നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. വ്യാപാരിയുടെ മൃതദേഹമുണ്ടായിരുന്ന ആശുപത്രി മോർച്ചറിയുടെ മുന്നിൽ ജെഎഎസിയെ പിന്തുണയ്ക്കുന്നവർ ഒത്തുചേരുകയായിരുന്നെന്ന് റവാലാകോട്ടിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കമ്മിഷണർ സർദാർ വഹീദ് ഖാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ശ്രമിക്കവേ, ജെഎഎസി പ്രവർത്തകർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും മറ്റ് ആയുധങ്ങളും സുരക്ഷാസേനയ്ക്കു നേരെ പ്രയോഗിച്ചതായും വഹീദ് ഖാൻ പറഞ്ഞു. പ്രതിഷേധക്കാരുടെ പ്രവൃത്തിയോടുള്ള സുരക്ഷാസേനയുടെ പ്രതികരണത്തിൽ ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. നപടിയ്ക്കിടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വഹീദ് ഖാൻ സ്ഥിരീകരിച്ചു. അതേസമയം, അധികൃതർ പുറത്തുവിട്ട സിവിലയൻമാരുടെ മരണസംഖ്യ ശരിയല്ലെന്നും അതിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികളും ജെഎഎസിയെ പിന്തുണയ്ക്കുന്നവരും പറഞ്ഞു.
നേരത്തെ പ്രതിഷേധം നടത്താൻ ജെഎഎസി നിശ്ചയിച്ചിരുന്ന തീയതിക്ക് തൊട്ടുതലേന്നാണ് മേഖലയിൽ സംഘർഷമുണ്ടായത്. പ്രദേശത്തെ നിയമനിർമാണ സഭയിലേക്ക് ജൂലൈ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ അഭയാർഥികൾക്കായി സംവരണം ചെയ്തതിനെതിരേയായിരുന്നു ഇവർ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നത്. നേരത്തെ സംഘർഷം, ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട്, ജെഎഎസിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്, വൈദ്യുത വിതരണത്തിലെ തടസ്സം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാഷ്ട്രീയമായ അരികുവത്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ജെഎഎസി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

