പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം; സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായത് സമാധാനശ്രമങ്ങൾക്കുള്ള തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞ് തൊട്ടടുത്തദിവസം കുക്കികൾക്ക് സ്വാധീനമുള്ള ചുരാചന്ദ്പുരിലുണ്ടായ സംഘർഷം സുരക്ഷാ സേന ഗൗരവത്തോടെയാണ് കാണുന്നത്. സംഘർഷം സമാധാന ശ്രമത്തിന് തിരിച്ചടിയാകരുതെന്ന നിർദേശം സുരക്ഷാസേനയ്ക്ക് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതാണ് കുക്കി വിഭാഗവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മോദിയുടെ സന്ദർശനത്തിനുമുൻപ് ചുരാചന്ദ്പുരിൽ പലയിടത്തും അലങ്കാരങ്ങളും ബാനറുകളും നശിപ്പിച്ചിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം പോലീസിനുനേരെ തിരിയുകയായിരുന്നു.

തുടക്കത്തിൽ ഒരുസംഘം യുവാക്കൾ ‘ജനഗണമന’ പാടി സുരക്ഷാ വാഹനത്തിനടുത്ത് സാമാധാനപരമായി പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡുകൾ തള്ളിമാറ്റിയും സുരക്ഷാ വാഹനങ്ങളിൽ പിടിച്ചുകയറിയും ബഹളം വെച്ചു. ചിലർ സേനയ്ക്കുനേരേ കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

വികസനപദ്ധതിയും സമധാന സന്ദേശവുമായാണ് പ്രധാനമന്ത്രി മണിപ്പുരിലെത്തിയത്. വംശീയകലാപത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രിയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ കണ്ടത്. മെയ്ത്തി, കുക്കി വിഭാഗങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന്‌ അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്ക് മെയ്ത്തി വിഭാഗങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്നും ‘പ്രത്യേക കേന്ദ്രഭരണ പ്രദേശം’ വേണമെന്നും കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിൽ കുക്കി എംഎൽഎഎമാർ ഉറച്ചുനിൽക്കുകയാണ്.

വംശീയകലാപത്തെത്തുടർന്ന് 60,000-ത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും എന്ന് സ്വന്തംവീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പുലഭിക്കാത്തത് കുക്കി വിഭാഗങ്ങളിൽ അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്. കുക്കി–മെയ്ത്തി വിഭാഗക്കാർ തമ്മിലുണ്ടായ വംശീയകലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ചുരാചന്ദ്പുർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News