ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ് മരിക്കുന്നതിന് മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിക്കണമെന്ന് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കമ്പനികളില്‍ നടക്കുന്ന റെയ്ഡുകളുമായി ബന്ധപ്പെട്ട് ആദായ നികുതി (ഐ.ടി.) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് റോയ് വെടിയുതിര്‍ത്ത് മരിച്ചത്. ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ചാണ് സംഭവം നടന്നത്.
ഡിസംബർ ആദ്യവാരം മുതലാണ് റോയിയുമായി ബന്ധപ്പെട്ട കമ്പനികളിൽ ആദായനികുതി റെയ്ഡുകൾ ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐ.ടി. ഉദ്യോഗസ്ഥർ പിടിച്ചെടുത്ത രേഖകളെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. നേരത്തെ കേരളത്തിലും റോയ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നീട് ദുബായിലേക്ക് പോയി. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം, സംസാരിക്കണമെങ്കിൽ ബെംഗളൂരുവിൽ തന്നെയുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഐ.ടി. സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തുടങ്ങുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയും ആദായനികുതി വകുപ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനികളിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളിൽ, വരുമാനത്തിന്റെ സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ആനുപാതികമല്ലാത്ത സ്വത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു.
വെള്ളിയാഴ്ച, കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ്, ഐ.ടി. ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി റോയിക്കൊപ്പം ലാംഗ്‌ഫോർഡ് റോഡിലെ ഓഫീസിലേക്ക് പോയി. ഓഫീസിലെത്തിയ ശേഷം റോയ് തന്റെ ക്യാബിനിലേക്ക് പോയി. അതിന് ശേഷം അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു. ജോസഫ് ക്യാബിന് പുറത്തുപോയി. അൽപ്പസമയത്തിന് ശേഷം ജീവനക്കാരോട് ആരെയും ക്യാബിന് അകത്ത് പ്രവേശിപ്പിക്കരുതെന്ന് റോയ് നിർദ്ദേശിച്ചു.
പുറത്തേക്ക് റോയ് ഇറങ്ങിവരാതിരുന്നപ്പോൾ ജീവനക്കാർ ക്യാബിനിന്റെ വാതിലിൽ മുട്ടി. പ്രതികരിക്കാതായപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയതായി ജീവനക്കാർക്ക് മനസ്സിലായി. പിന്നീട് വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ റോയ് കസേരയിൽ രക്തക്കറ പുരണ്ട ഷർട്ടുമായി ഇരിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. മെഡിക്കൽ സ്റ്റാഫ് ഓഫീസിലെത്തി പരിശോധിച്ചപ്പോൾ നാഡിമിടിപ്പ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ എച്ച്.എസ്.ആർ ലേ ഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റോയിയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് സമഗ്രമായി പരിശോധിക്കണമെന്ന് ജോസഫ് അഭ്യർത്ഥിച്ചു.
സംഭവം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:00 നും 3:30 നും ഇടയിലാണ് നടന്നതെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ നിന്നുള്ള ഐ.ടി. സംഘം റോയിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയാണെന്നും സംഭവ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ റെയ്ഡിൽ റോയ് വൻ സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ആരോപിക്കുന്നത്. ഇത് ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റം ആകുമോ എന്ന് ചോദിച്ചപ്പോൾ, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
New reports suggest that Dr. C.J. Roy, Chairman of the Confident Group, had requested his colleagues to let him speak with his mother shortly before his death. The tragic incident occurred at the group’s corporate office in Bengaluru, where Roy allegedly shot himself using his licensed revolver. The act followed intense questioning by Income Tax (IT) officials in connection with raids conducted across his business establishments. Despite the presence of staff and officials in the building, the sudden extreme step has sent shockwaves through the business community.


