നാഗ്പുര്‍: ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ബൈഠകിന്റെ അവസാന ദിനമായ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹൊസബാലെ.
‘ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള ന്യൂനപക്ഷം എന്ന ആശയത്തെ കുറിച്ച് പുനരാലോചന ആവശ്യമാണ്. രാജ്യം ആരുടേതാണ്? അത് എല്ലാവരുടേതുമാണ്. എന്നാല്‍ ചില സമുദായങ്ങളെ ന്യൂനപക്ഷം എന്ന് വിളിക്കുന്ന പതിവ് കഴിഞ്ഞ കുറേ ദശകങ്ങളായി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തെ ആര്‍.എസ്.എസ്. എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടുണ്ട്.’ -ദത്താത്രേയ ഹൊസബാലെ പറഞ്ഞു.
‘ഹിന്ദു കോഡ് ബില്ലിന് കീഴില്‍ വരുന്ന സമുദായങ്ങളെ ആര്‍.എസ്.എസ്സാണ് സംഘടിപ്പിക്കുന്നത്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ന്യൂനപക്ഷമാണെന്ന പൊതുധാരണ നിലനില്‍ക്കുന്നുണ്ട്. എല്ലാ ആര്‍.എസ്.എസ്. മേധാവിമാരും അവരുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സമുദായങ്ങളില്‍ നിന്ന് വരുന്ന നിരവധി ആര്‍.എസ്.എസ്. പ്രവര്‍ത്തകരുണ്ട്. എന്നാല്‍ അവരെ ഞങ്ങള്‍ പ്രദര്‍ശനവസ്തുക്കളാക്കാറില്ല. അതിന്റെ ആവശ്യമില്ല. എല്ലാവരേയും അവരുടെ ദേശീയതയിലൂടെ ഹിന്ദുവായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. മതത്തിന്റെ പേരില്‍ ഇത് അംഗീകരിക്കാത്തവരുമായി ഞങ്ങള്‍ സംവാദത്തിലേര്‍പ്പെടുന്നു. ഞങ്ങളുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.’ -ഹൊസബാലേ പറഞ്ഞു. ‘അവരുമായി ഇടപഴകാന്‍ ശ്രമിക്കുന്നു’വെന്ന് പറയുമ്പോള്‍ ആരെയാണ് ആര്‍.എസ്.എസ്. ന്യൂനപക്ഷമായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഗ്യാന്‍വ്യാപി പള്ളിയുടെ കാര്യത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം പോലെയുള്ള നീക്കത്തിന് ആര്‍.എസ്.എസ്. ശ്രമിക്കില്ല. കാശി-മഥുര വിഷയങ്ങള്‍ ഉയര്‍ത്തിയത് ഹിന്ദുത്വ സമൂഹവും വി.എച്ച്.പിയുമാണ്. എന്നാല്‍ എല്ലാ രോഗങ്ങള്‍ക്കും ഒരേ മരുന്നല്ല ഉള്ളത്. അതിനാല്‍ ഓരോ പ്രശ്‌നത്തിന്റേയും സ്വഭാവമനുസരിച്ച് അതിനോടുള്ള പ്രതികരണത്തിന്റെ സ്വഭാവം മാറും. എല്ലാ പ്രശ്‌നങ്ങള്‍ക്കും രാമജന്മഭൂമി പ്രസ്ഥാനം പോലെയുള്ള നീക്കം ആവര്‍ത്തിക്കേണ്ടതില്ല. ഗ്യാന്‍വ്യാപി വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. രാമജന്മഭൂമി കേസ് തീര്‍പ്പാക്കിയത് കോടതിയാണ്. അത് ആ വഴിക്ക് പോകട്ടെ.’
‘ഏകീകൃത സിവില്‍ കോഡിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ഞങ്ങള്‍ പ്രമേയം പാസാക്കിയതാണ്. ഉത്തരാഖണ്ഡ് ചെയ്തത് എന്താണെന്ന് പഠിക്കണം. അത് രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ -ഹൊസബാലെ പറഞ്ഞു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച് അടുത്തിടെ സുപ്രീം കോടതി റദ്ദാക്കിയ തിരഞ്ഞെടുപ്പ് ബോണ്ടിനെ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ന്യായീകരിച്ചു. ബാലറ്റുകള്‍ക്ക് പകരം വോട്ടിങ് മെഷീനുകള്‍ കൊണ്ടുവന്നത് പോലെ ഇതുമൊരു പരീക്ഷണമായിരുന്നുവെന്നും അത്തരം പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.