ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒമിക്രോണ്‍ വകഭേദം പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ റിസ്‌ക് രാജ്യങ്ങളെന്ന പട്ടിക ഒഴിവാക്കി.
ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു പകരം രോലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം. പുതിയ മാര്‍ഗ നിര്‍ദേശം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച്, വിദേശത്തുനിന്നും വരുന്ന എല്ലാവരും കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കണം.
എയര്‍ സുവിധ വെബ് പോര്‍ട്ടലില്‍ ഫോം ലഭ്യമാണ്. യാത്രാ തീയതിയുടെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അതല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും മതിയാകും. ഇത്തരത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമായ 72 രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. അഞ്ചു വയസില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.