തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.
കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈനില്‍ മന്ത്രിസഭായോഗം നടന്നത്.