KeralaNews

കായംകുളത്ത് ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

ആലപ്പുഴ: കായംകുളത്ത് ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. 80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കപ്പമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സഹകരണ ബാങ്ക് ജീവനക്കാരനും ഇവിടെ എത്തിയത്. സംഭവത്തിന്റെ വീഡിയോയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2,500 രൂപയാണ്’ എന്ന് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന്‍ വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബുധനാഴ്ച കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കുമെന്ന് യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് തവണ സിപിഎം വിജയിച്ച മണ്ഡലമാണെങ്കിലും ഇടത് കോട്ടയെന്ന് അത്രയ്ക്കങ്ങ് ഉറപ്പിക്കാന്‍ കഴിയാത്ത മണ്ഡ‍ലമാണ് കായംകുളം.എല്‍ഡിഎഫും യുഡിഎഫും നിരവധി തവണ ജയിച്ച മണ്ഡലത്തില്‍ പ്രമുഖര്‍ പലരും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ സികെ സദാശിവനും 2016 ല്‍ യു പ്രതിഭയുമാണ് കായംകുളത്ത് നിന്നും വിജയിച്ച സിപിഎം അംഗങ്ങള്‍. ഇത്തവണയും സിപിഎം പ്രതിഭയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം മികച്ച പോരാട്ടം ലക്ഷ്യമിട്ട് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ത്ഥിയുമായി മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസും രംഗത്ത് ഇറങ്ങിയതോടെ കായംകുളത്ത് ഇത്തവണ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്.

പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വവും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാന‍് കഴിയുന്നു എന്നതാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവയ്ക്ക് പുറമെ എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കാഴ്ചവെച്ച പ്രവര്‍ത്തന മികവിനും കൂടിയാണ് യു പ്രതിഭ വോട്ട് തേടുന്നത്.

ഇടതു സര്‍ക്കാറിന്‍റെ വികസനത്തിന് കൂടി വോട്ട് വീണാല്‍ ഭൂരിപക്ഷം ഇരട്ടിയാക്കാമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ എം ലിജുവായിരുന്നു കായംകുളത്ത് പ്രതിഭയെ നേരിട്ടത്. ശക്തമായ മത്സരത്തിന്‍റെ പ്രതീതി അത്തവണയും ഉണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ 11857 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രതിഭ വിജയിച്ചു.

സംസ്ഥാനത്ത് ഉടനീളമുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ ലീഡ് ഇടതുമുന്നണിക്കായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ മേല്‍ക്കൈ ഉണ്ട്. പരമ്പരാഗതമായി കൂടെ നില്‍ക്കുന്ന പഞ്ചായത്തുകളോടൊപ്പം നഗരസഭയെയും കൂടെ നിര്‍ത്താന്‍ മുന്നണിക്ക് സാധിച്ചു.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ചെട്ടികുളങ്ങര പഞ്ചായത്തുകൂടി മണ്ഡലത്തോട് ചേര്‍ന്നത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് ഇത്. പ്രതിഭയുടെ ഭൂരിപക്ഷം ഇത്തവണ ഇരട്ടിയായി ഉയരുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷന്‍ എന്‍ സുകുമാരപ്പിള്ള അവകാശപ്പെടുന്നത്.

പ്രതിഭയെ പൂട്ടുക എന്ന ഉദ്ദേശത്തോടെ യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് മണ്ഡലത്തില്‍ സുപരിചതായ അരിത ബാബുവിനെയാണ്. 21-ാം വയസില്‍ ജില്ലപഞ്ചായത്തംഗമായ അരിതയ്ക്ക് തിരഞ്ഞെടുപ്പ് അങ്കം പുത്തരിയല്ലെന്ന് സാരം. ആഞ്ഞുപിടിച്ചാല്‍ കായംകുളം കൂടെ പോരുമെന്ന കാര്യത്തില്‍ യുഡിഎഫ് ക്യാംപില്‍ സംശയമൊന്നുമില്ല.

മുന്‍പ് പലപ്പോഴും കോണ്‍ഗ്രസിന് തിരിച്ചടിയായത് പാര്‍ട്ടിക്കുള്ളിലെ തന്നെ വിഷയങ്ങളാണെന്നും ഇത്തവണ അതൊന്നും ഇല്ലാതെ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് കായംകുളത്ത് വനിതകള്‍ തമ്മില്‍ പോരാട്ടത്തിന് ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുമ്പ് 1957 ലാണ് വനിതകള്‍ മത്സരിച്ചത്.

എന്‍ഡിഎയ്ക്ക് ഇരുപതിനായിരത്തിലേറെ വോട്ടുള്ള ഒരു മണ്ഡലം കൂടിയാണ് കായംകുള. ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് ഇത്തവണ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. മുക്കാല്‍ ലക്ഷത്തോളം വരുന്ന മണ്ഡലത്തിലെ എസ്എന്‍ഡിപി വോട്ടുകളിലാണ് ബിഡിജെഎസിന്‍റെ കണ്ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button