കോഴിക്കോട്: എകരൂലിൽ ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റേയും അശ്വതിയുടേയും (35) കുഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ; കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക്കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. പിന്നീട് ഗർഭപാത്രം തകർന്നു കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ ബന്ധുക്കൾ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാനും അശ്വതിയുടെ ജീവൻ അപകടത്തിലാവാനും കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.