മീററ്റ്: രണ്ടര വയസ്സുള്ള കുട്ടിയുടെ കണ്ണിനടുത്തുള്ള മുറിവ് തുന്നുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വിഷയത്തിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിക്കുന്നതിനിടെ മേശയുടെ മൂലയിൽ ഇടിച്ചായിരുന്നു മൻരാജ് സിങ്ങ് എന്ന കുട്ടിക്ക് പരിക്കേറ്റത്. കണ്ണിന് സമീപം ആഴത്തിൽ തന്നെ കുഞ്ഞിന് മുറിവേറ്റിരുന്നു.
രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് അമ്മ ഇർവിൻ കൗർ പറഞ്ഞു. മീററ്റിലെ ഭാഗേശ്രീ ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ കുട്ടിയുടെ അച്ഛനോട് ഫെവിക്വിക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. മുറിവ് വൃത്തിയാക്കുക പോലും ചെയ്യാതെ ഇവർ മുറിവിൽ പശ പുരട്ടിയെന്നാണ് ആരോപണം.
ഇഞ്ചക്ഷനും ശരിയായ ഡ്രെസ്സിങ്ങും ആവശ്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ഈ ആവശ്യം ഇത് ഡോക്ടർമാർ തള്ളി. അടുത്ത ദിവസം രാവിലെയായതോടെ കുട്ടിക്ക് വേദന വർധിച്ചു. ഇതോടെയാണ്, കുട്ടിയെ മാതാപിതാക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത്. നീണ്ട മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പശ നീക്കം ചെയ്തത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. ‘കുട്ടിയുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷം, ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കും’, മീററ്റ് സിഎംഒ ഡോ. അശോക് കടാരിയ പറഞ്ഞു.


