ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി പ്രൈമറി സ്കൂള്‍ അധ്യാപികയുടെ കുടുംബം. ഏപ്രില്‍ 17ന് നാഗാര്‍ജുനസാഗര്‍ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായ സന്ധ്യയാണ് മരിച്ചത്. ഇതിനെതിരെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ സന്ധ്യക്ക് ഏപ്രില്‍ 20 ഓടെ പനി ബാധിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അവര്‍. 35 കാരിയായ സന്ധ്യ മേയ് എട്ടിന് മരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായെന്നായിരുന്നു ഭര്‍ത്താവ് കമ്മംപതി മോഹന്‍ റാവുവിന്റെ പ്രതികരണം. ‘എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായി. എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്? ഒരു എം.എല്‍.എക്ക് വേണ്ടി മാത്രം എത്ര ജീവനുകളാണ് നഷ്ടപ്പെടുത്തിയത്. ലോക്ഡൗണിന് ശേഷമോ എല്ലാവരും വാക്സിന് സ്വീകരിച്ചതിന് ശേഷമോ മാത്രം തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോരെ?’ -റാവു പറഞ്ഞു.
ഹാലിയയിലായിരുന്നു സന്ധ്യയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഏപ്രില്‍ 14ന് കൂറ്റന്‍ റാലി നടത്തിയ സ്ഥലമാണിവിടം. ഇതിനുപിന്നാലെ ചന്ദ്രശേഖര്‍ റാവുവിനും ടി.ആര്‍.എസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്കും നൂറുകണക്കിന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പങ്കെടുത്ത 200ഓളം അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് നടത്തി ഇത്രയധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതോടെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രോഗം ബാധിച്ചവരുടെ കുടുംബങ്ങള്‍.
ഉപതെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് റാവു കുറ്റപ്പെടുത്തി. പോളിങ് ദിവസം പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചു. പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന 30 പേരെ ഒരു ബസില്‍ കുത്തിനിറച്ചായിരുന്നു യാത്ര. 10ഓളം ഉദ്യോഗസ്ഥര്‍ ഒരു ചെറിയ ക്ലാസ്മുറിയില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ കഴിഞ്ഞു.
താപനില പരിശോധിക്കാന്‍ പോലും ആരുമില്ലായിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റും നല്‍കിയില്ലെന്നും റാവു പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 15 അധ്യാപകര്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.