നടിയെ ആക്രമിച്ച കേസിന്റെ വിധി ചോര്‍ന്നോ? ഊമക്കത്തില്‍ അന്വേഷണം വേണമെന്ന് ബൈജു പൗലോസ്; ഡിജിപിക്ക് പരാതി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിധിയെക്കുറിച്ച് ഊമക്കത്ത് പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്ന് ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം വേണമെന്നാണ് ബൈജു പൗലോസിന്റെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. ഡിസംബര്‍ എട്ടാം തീയതിയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയുംചെയ്തു. എന്നാല്‍, ഡിസംബര്‍ എട്ടിന് വിധി പറയുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ക്കടക്കം ഈ ഊമക്കത്ത് ലഭിച്ചു. ഇക്കാര്യം അസോസിയേഷന്‍ പ്രസിഡന്റും സ്ഥിരീകരിച്ചിരുന്നു.

കേസില്‍ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാകും കുറ്റക്കാര്‍, ദിലീപടക്കം നാലുപ്രതികളെ വെറുതെവിടുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം വേണമെന്നും എങ്ങനെയാണ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News