കൊച്ചി ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെതിരെ വഞ്ചനാക്കുറ്റത്തിനു മുംബൈ മലയാളിയായ യുവതി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്നു പൊലീസ് ഒതുക്കി.
ലഹരി മരുന്ന് ഇടപാടിനെന്നു പറയാതെ യുവതിയില്‍ നിന്നു സൈജു 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൊച്ചിയിലേക്കു രാസലഹരി കടത്താനാണു പണം വിനിയോഗിച്ചതെന്നു മനസ്സിലാക്കിയ യുവതി പണം തിരികെ ചോദിച്ചതോടെ സൈജു ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തില്ല.
സൈജുവിന്റെ ക്രിമിനല്‍ ബന്ധങ്ങളെക്കുറിച്ച് അറിയാതെ പണം തിരികെ വാങ്ങാന്‍ 2 തവണ കൊച്ചിയിലെത്തിയ യുവതി ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കി മുംബൈയിലേക്കു മടങ്ങി. പിന്നീട് പൊലീസും യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയില്ല.
മോഡലുകളുടെ മരണത്തില്‍ സൈജുവിന്റെ പങ്കാളിത്തം അപകടത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അബ്ദുല്‍ റഹ്മാന്റെ മൊഴികളിലൂടെ പുറത്തുവന്നതോടെ സൈജു ഒളിവില്‍പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
അപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ടതിനു ശേഷം ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച സൈജു കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരികടത്തു റാക്കറ്റിലെ കണ്ണികളുമായും ബന്ധപ്പെട്ടതിന്റെ തെളിവും അന്വേഷണസംഘത്തിനു ലഭിച്ചു. മോഡലുകളെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ഔഡി കാറിന്റെ റജിസ്റ്റേര്‍ഡ് ഉടമയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.