രഞ്ജിത്തിനെതിരായ പരാതി; ബംഗാളി നടി താമസിച്ച ഹോട്ടലിൽ തെളിവെടുപ്പ് നടത്തി

കൊച്ചി : സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ്. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.

നേരത്തെ, കേസിൽ ജോഷി ജോസഫിന്റെ സാക്ഷിമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

2009 -ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയ താന്‍ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

നേരിട്ട മോശം അനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു. നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News