വയനാട്:വെല്ലുവിളികളെ അതിജീവിക്കുന്ന തൊഴിലാളികൾക്ക് മർദ്ദനവും പിരിച്ചുവിടലും. മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലെ കേൾവിശക്തി കുറവുള്ള വനംവകുപ്പ് താത്കാലിക വാച്ചറെ മർദിച്ച് ഡി.എഫ്.ഒ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിൽ 13 വർഷത്തിലേറെയായി താത്കാലിക വാച്ചറായി ജോലി ചെയ്തുവരികയായിരുന്ന മുരളിയെ ഡി.എഫ്.ഒ മർദ്ദിക്കുകയും അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് പരാതി.
വാച്ചർ പണിക്ക് ശേഷം തോട്ടം പണിയും വീട്ടിലെ ശുചീകരണ ജോലിയും ചെയ്യിപ്പിച്ചിരുന്നെന്നും ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഡി.എഫ്.ഒ രമേശ് ബിഷ്ണോയി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. അടുത്ത ദിവസം മുതൽ വരേണ്ടെന്ന് പറയുകയും ചെയ്തു. കേൾവി പ്രശ്നമുള്ളതിനാൽ ശ്രവണ സഹായി ഉപയോഗിക്കുന്ന മുരളി അടുത്തിടെ ഹൃദയശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഡി.എഫ്.ഒ ക്കെതിരെ മനുഷ്യാവകാശ കമ്മിഷനും വനം മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
അതേസമയം മർദ്ദനവും അധിക്ഷേപവും സംബന്ധിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് ഡി.എഫ്.ഒ രമേശ് ബിഷ്ണോയി പ്രതികരിച്ചു. താത്കാലിക വാച്ചറുടെ നിയമനം റേഞ്ച് ഓഫീസറുടെ പരിധിയിൽ വരുന്നതാണെന്നും ആവശ്യമില്ലാത്തപ്പോൾ ജീവനക്കാരെ ഒഴിവാക്കാറുണ്ടെന്നും രമേശ് ബിഷ്ണോയി പറഞ്ഞു.