ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്. വനിതാ ദിനത്തില്‍ ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാന്‍ സ്റ്റാലിന്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്.
അതേസമയം, തമിഴ്‌നാട്ടില്‍ വീണ്ടും ഡിഎംകെ അധികാരത്തില്‍ വന്നാല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും എന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. വിവിധ മേഖലകളില്‍ തമിഴ്‌നാടിന്റെ വളര്‍ച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകള്‍ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോണ്‍ഗ്രസിന് 22 സീറ്റില്‍ നല്‍കാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതില്‍ കടുത്ത എതിര്‍പ്പ് സംസ്ഥാന കോണ്‍ഗ്രസ് ഉയര്‍ത്തിയതോടെ 25 സീറ്റ് നല്‍കി കോണ്‍ഗ്രസ് സമ്മര്‍ദത്തിന് ഡിഎംകെ വഴങ്ങി.
സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് എട്ടു സീറ്റുകളില്‍ മാത്രമാണ്.