കോട്ടയം: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്. ഫയലുകള്‍ കുമിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചപ്പോള്‍ വ്യവസായ മന്ത്രി പി രാജീവ് നേരിട്ട് ഇടപെട്ട് ജിയോളജി ഡയറക്ട്രേറ്റില്‍ നിന്നു നാലു ഉദ്യോഗസ്ഥരെ അയച്ച് ഫെബ്രുവരിയില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് അറുനൂറോളം ഫയലുകളായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ അഞ്ചു സ്വകാര്യ വാഹനങ്ങളും വാടകയ്ക്കെടുത്ത് സ്ഥലം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു ശേഷവും കോട്ടയം ജിയോളജി ഓഫീസിന്റെ പ്രവര്‍ത്തനം പഴയ പടിയായി.
ഇപ്പോള്‍ വീണ്ടും കെട്ടികിടക്കുന്നത് 400ഓളം അപേക്ഷകളാണ്. തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കെട്ടിക്കിടന്ന ഫയല്‍ പരിശോധനയും സ്ഥലം സന്ദര്‍ശനവും പൂര്‍ത്തീകരിച്ചു ഫെബ്രുവരിയില്‍ മടങ്ങിയശേഷം ജില്ലാ ജിയോളജി ഓഫീസില്‍ നിന്നു പിന്നീട് സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ വ്യാവസായിക കെട്ടിടങ്ങളുടെ അടക്കം നിര്‍മ്മിതി തടസ്സപ്പെട്ട അവസ്ഥയിലണ്.
നടപ്പു സമ്പത്തിക വര്‍ഷം പരിഗണിക്കേണ്ട വായ്പകളും സാമ്പത്തിക ഇടപാടുകളും റദ്ദാക്കപ്പെട്ടു. പല സംരംഭങ്ങളും പാതിവഴിയിലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുമായി.
അഴിമതിയുടെ വിളനിലമായിരുന്ന ജില്ലാ ജിയോളജി ഓഫീസിലെ കുപ്രസിദ്ധനായ ജിയോളജിസ്റ്റിനെയും സഹപ്രവര്‍ത്തകരെയും വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലം മാറ്റിയത് ഏതാനും മാസങ്ങള്‍ മുമ്പു മാത്രമായിരുന്നു.
ഉദ്യോഗസ്ഥര്‍ എത്ര മാറിയാലും വ്യവസായ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാലും പൊതുജനത്തെ പരിഗണിക്കാത്ത സമീപനമാണ് കോട്ടയം ജിയോളജി ഓഫീസിന്റേത്. എന്നാല്‍ പാറമടകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അതിവേഗത്തില്‍ നടക്കുന്നുണ്ട്താനും. ഇക്കാര്യത്തിലടക്കം ജില്ലാ ജിയോളജി ഓഫീസുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി പ്രവാഹമാണ്.