ആലപ്പുഴ: പരീക്ഷ പാസാകാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കി ആലപ്പുഴ ബാര്‍ അസോസിയേഷന്‍. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ നേതാവായ സിസി സേവ്യറിനെതിരെയാണ് അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുന്നത്.
ആള്‍മാറാട്ടം, വിശ്വാസ വഞ്ചന എന്നിവ ചൂണ്ടികാട്ടിയാണ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. അഭിലാഷ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ലോ കോളേജില്‍ പഠിച്ചിരുന്നെങ്കിലും സിസി പക്ഷേ പരീക്ഷ പാസായിരുന്നില്ല. ഇക്കാര്യം അറിയാവുന്നവര്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചത് ബംഗ്ലുവരുവിലാണെന്ന് മാറ്റി പറയുകയായിരുന്നു.
ഇവര്‍ നല്‍കിയ റോള്‍ നമ്പറില്‍ ഈ പേരുകാരിയായ ആരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച അടിയന്തിര എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് ഇബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കി.
പിന്നാലെ ഞായറാഴ്ച പോലീസിലും പരാതി നല്‍കി. ഇതിനിടെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സിസി ലൈബ്രററിയുടെ ചുമതല വഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ കേസ് നടത്തിയിട്ടുള്ള ഇവര്‍ നിരവധി കമീഷനുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.