KeralaNews

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്; ബന്ധുക്കള്‍ വന്നപ്പോള്‍ ‘പരേതന്‍’ ജീവനോടെ

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ വീണ്ടും ഗുരുതര വീഴ്ച. ചികിത്സയിലായിരുന്ന രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ കണ്ടത് ജീവനോടെയുള്ള രോഗിയെ.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയ ശേഷമായിരുന്നു ബന്ധുക്കള്‍ ആശുപത്രിയിലെത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം സ്വദേശി രമണന്‍ വെള്ളിയാഴ്ച രാത്രിയില്‍ മരിച്ചതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ ആംബുലന്‍സുമായി ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം കണ്ടില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമണന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്. ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ആശുപത്രിയുടെ ഗുരുതര വീഴ്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വണ്ടാനം മെഡിക്കല്‍ കോളിജിനെതിരായി ഇതിന് മുമ്പും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച ചെങ്ങന്നൂര്‍ സ്വദേശി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നും ഹരിപ്പാട് സ്വദേശിയായ രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും ഇവരുടെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തിരുന്നു. സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഡോ.സജീവ് ജോര്‍ജ് പുളിക്കലിനെ പുതിയ സൂപ്രണ്ടായി നിയമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button