തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിലെ സി.പി.ഐ-സി.പി.എം പോര് മുറുകിയതോടെ തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.എഫിനുള്ളില്‍ കല്ലുകടി. ത്രിതല പഞ്ചായത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.ഐ. പരാതിയുമായി നേരിട്ട് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് സിപിഐ ജില്ലാ നിര്‍വാഹകസമിതിയുടെ തീരുമാനം.
നെടുമങ്ങാട് മത്സരിച്ചു വിജയിച്ച സിപിഐ വൈസ് ചെയര്‍മാന്‍ രാജി വയ്ക്കുമെങ്കിലും മുന്നണി ധാരണ തെറ്റിച്ച് മത്സരിക്കാനിറങ്ങിയത് അപമാനിക്കലാണെന്നാണ് ജില്ലാ നിര്‍വാഹക സമിതിയുടെ വിലയിരുത്തല്‍. അതിനാലാണ് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ പരാതിയുമായി സമീപിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യവും നേരത്തെ സിപിഐ നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. ഇത് നിരാകരിക്കപ്പെട്ടു എന്നു മാത്രമല്ല സിപിഐഎം ഷൈലജ ബീഗത്തെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
ജില്ലയിലെ പല ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സിപിഐഎം നിലപാട് തിരുത്തിയില്ലെങ്കില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് സിപിഐയുടെ ഭീഷണി. പ്രാദേശികതലത്തില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ അവിടെ തന്നെ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.