കൊച്ചി:വാണിജ്യ സിനിമകൾ കാണാനും അത്തരം സിനിമകളുടെ ഭാഗമാകാനുമാണ് ഇപ്പോൾ ആഗ്രഹമെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ കാഴ്ചാ ശീലങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കുന്നതെന്ന് താരം പറഞ്ഞു. ആർഡിഎക്സ്, കൊറോണ പേപ്പേഴ്സ് പോലുള്ള സിനിമകളെ മുൻനിർത്തിയാണ് ഷെയ്ൻ്റെ പ്രതികരണം.
‘എന്റെ കാഴ്ചാ ശീലങ്ങൾ മാറിയിട്ടുണ്ട്, സിനിമകൾ തിരഞ്ഞെടുക്കുന്നതും അതിനനുസരിച്ചാണ്. കൊമേർഷ്യൽ സിനിമകളോടാണ് ഇപ്പോൾ പ്രിയം,’ ഷെയ്ൻ നിഗം പറഞ്ഞു.
പ്രേക്ഷകർ ‘ആർഡിഎക്സ്’ ആണ് കണ്ടതെന്നും എന്നാൽ തനിക്ക് കൂടുതൽ പരിശ്രമം ആവശ്യമായി വന്നത് ‘വലിയപെരുന്നാൾ’ എന്ന സിനിമയ്ക്കാണെന്നും ഷെയ്ൻ പറഞ്ഞു. ‘വലിയപെരുന്നാളിനായി ആറ് മാസത്തോളം നീണ്ട പരിശീലനം വേണമായിരുന്നു. ചിത്രീകരണത്തിന് പിന്നെയും ഏഴുമാസത്തോളമെടുത്തു. പ്രേക്ഷകരിൽ സിനിമ എത്താതിരുന്നതിനാലാണ് അത് ആരുമറിയാതെ പോയത്,’ ഷെയ്ൻ പറഞ്ഞു.
എത്ര പരിശ്രമം അഭിനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും മികച്ച സാങ്കേതിക പ്രവർത്തകർ കൂടി സിനിമയ്ക്ക് ആവശ്യമാണെന്നും താരം അഭിപ്രായപ്പെട്ടു. സാൻഡി മാസ്റ്റർ കൊറിയോഗ്രഫി നിർവഹിച്ച ‘നീല നിലവേ’ എന്ന പാട്ട് പ്രേക്ഷകർ സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.
ആർഡിഎക്സ് ചിത്രീകരിക്കുമ്പോൾ പല കാര്യങ്ങളും ‘വർക്ക്’ ആകുമോയെന്ന് തനിക്ക് സംശയമുണ്ടായിരുന്നെന്നും മികച്ച സാങ്കേതിക പ്രവർത്തകർ സിനിമയ്ക്കൊപ്പം നിന്നതിനാലാണ് അതെല്ലാം പ്രേക്ഷകർ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയപെരുന്നാളിനായി ഒരുപാട് നൃത്ത രംഗങ്ങൾ ചിത്രീകരിച്ചെങ്കിലും സിനിമയിൽ ഉപയോഗിച്ചില്ല. ആർഡിഎക്സിനായുള്ള തന്റെ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നും ഷെയ്ൻ നിഗം പറഞ്ഞു. സിനിമ എക്സ്പ്രസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.