ന്യൂഡൽഹി:പ്രധാനമന്ത്രിയ്ക്ക് പുതിയ വസതിയൊരുക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിന് സമീപമുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളിൽ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുതിയ വീട് ഒരുങ്ങുന്നത്.
2,26,203 ചതുരശ്ര അടിയിൽ നിർമിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിർമാണച്ചെലവ്. ഇതിൽ മോദിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിർമിക്കുന്നത്. താഴത്തെയും ഒന്നാം നിലയിലുമായി മോദിയുടെ വസതിക്ക് പുറമേ സൗത്ത് ബ്ളോക്കിൽ പിഎം ഓഫീസ്, കായിക സൗകര്യങ്ങൾ, ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ, പ്രത്യേക സുരക്ഷാ സംഘത്തിന്റെ ( എസ് പി ജി) ഓഫീസ്, സേവാ സദൻ, സുരക്ഷാ ഓഫീസ് തുടങ്ങിയവയുണ്ടാകുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ ഹോം ഓഫീസിൽ നിന്ന് നേരിട്ടെത്താൻ കഴിയുന്ന ഒരു ഭൂഗർഭ വിഐപി തുരങ്കമാണ് സമുച്ചയത്തിന്റെ പ്രധാന ആകർഷണം. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണനിർവ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), പുതിയ പാർലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേർന്നതായിരിക്കും ഭരണനിർവ്വഹണ സമിതി. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെൻട്രൽ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങൾ ലഘൂകരിക്കാൻ സഹായിക്കാനാണ് ഭൂഗർഭ തുരങ്കം നിർമ്മിക്കുന്നത്.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതി നിയന്ത്രിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ വസതി സമുച്ചയം 2024 സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെൻഡിച്ചർ ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ (ഇഎഫ്‌സി) അംഗീകാരത്തിനായി പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ സമർപ്പിക്കും. കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റിൽ നിന്നാണ് സമുച്ചയം നിർമിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റിൽ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നിർമാണത്തിന് മുന്നോടിയായി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചുകഴിഞ്ഞു. മറ്റ് അനുമതികൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പിഎം ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, നാഷണൽ കൗൺസിൽ സെക്രട്ടറിയേറ്റ് എന്നിവയുമായി ബന്ധിപ്പിക്കുക മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷാ പാത കൂടുതൽ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമുച്ചയം നിർമിക്കുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ പരിവാരങ്ങളും നടത്തുന്ന യാത്രകൾ സെൻട്രൽ വിസ്ത മേഖലയിൽ നഗര ഗതാഗതത്തിന് വലിയ തടസങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നു. പുതിയ സ്ഥലം പ്രധാനമന്ത്രിയുടെ റൂട്ട് വേർതിരിക്കുകയും ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.