CrimeNationalNews

കോക്പിറ്റിനുള്ളിൽ പെൺസുഹൃത്തിന് സുഖയാത്ര,ഭക്ഷണം,മദ്യം; എയർ ഇന്ത്യാ പൈലറ്റിനെതിരേ പരാതി, അന്വേഷണം

ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന്‍ ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയെന്നാണ് വിവരം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ വക്താവ് തയ്യാറായിട്ടില്ല.

തന്റെ പെണ്‍സുഹൃത്ത് ഉള്ളില്‍ക്കടക്കുന്നതിന് മുന്‍പ്, കോക്ക്പിറ്റിന്റെ ഉള്‍വശം ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്രൂവിനോട് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. കൂടാതെ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം ഈ സുഹൃത്തിന് നല്‍കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരുന്നു എന്നാണ് വിവരം. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നതെന്നും യാത്രക്കാര്‍ക്കൊപ്പമാണ് വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നും ഡി.ജി.സി.എയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബിസിനസ് ക്ലാസില്‍ ഒഴിവുണ്ടോ എന്ന് തന്നെ അറിയിക്കണമെന്ന് പരാതിക്കാരിയായ കാബിന്‍ ക്രൂവിന് ക്യാപ്റ്റന്‍ നിര്‍ദേശം നല്‍കി. എക്കണോമി ക്ലാസില്‍ തന്റെ ഒരു പെണ്‍സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരുടെ സീറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയാണെന്നുമാണ് ക്യാപ്റ്റന്‍ പറഞ്ഞത്. എന്നാല്‍, ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് കാബിന്‍ ക്രൂ ക്യാപ്റ്റനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തിനെ കോക്ക്പിറ്റില്‍ എത്തിക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.

ക്യാപ്റ്റന്റെ സുഹൃത്തിന് സുഖമായി ഇരിക്കാന്‍ തലയിണകള്‍ നല്‍കാനും നിര്‍ദേശിച്ചെന്ന് പരാതിക്കാരി പറയുന്നു. പെണ്‍സുഹൃത്തിന് കോക്ക്പിറ്റിനുള്ളില്‍ മദ്യവും ലഘുഭക്ഷണവും എത്തിച്ചു നല്‍കാന്‍ പൈലറ്റ് നിര്‍ദേശിച്ചു. എന്നാല്‍, കോക്ക്പിറ്റിനുള്ളില്‍ മദ്യം വിളമ്പാനുള്ള ആവശ്യം കാബിന്‍ ക്രൂ നിരാകരിച്ചു.

ഇതോടെ പൈലറ്റ് കുപിതനാകുകയും മോശമായി പെരുമാറുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഏകദേശം ഒരു മണിക്കൂര്‍ പൈലറ്റിന്റെ വനിതാസുഹൃത്ത് കോക്ക്പിറ്റിനുള്ളില്‍ ചെലവഴിച്ചെന്നാണ് വിവരം.

പെണ്‍സുഹൃത്ത് കോക്ക്പിറ്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്ത് അവര്‍ക്ക് ബിസിനസ് ക്ലാസ് ഭക്ഷണവും മറ്റും നല്‍കാന്‍ ക്രൂവിനെ പലകുറി വിളിപ്പിച്ചതോടെ മറ്റ് യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ തടസ്സമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ രണ്ടു പൈലറ്റുമാരും പെണ്‍സുഹൃത്തിനെ ഇമിഗ്രേഷന്‍ ഏരിയ വരെ അനുഗമിച്ചെന്നും പരാതിയിലുണ്ട്. തിരിച്ചുള്ള യാത്രയില്‍ ക്യാപ്റ്റന്‍ ദേഷ്യപ്പെട്ടെന്നും മോശമായി പെരുമാറിയെന്നും പരാതി നല്‍കിയ കാബിന്‍ ക്രൂ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button