എട്ട് മണിയാകുമ്പോള്‍ മണിരത്‌നം സാര്‍ ചോദിക്കും,ഒരു ബിയര്‍ വേണോ?’പൊന്നിയിന്‍ സെല്‍വന്‍’അനുഭവം പങ്കുവെച്ച് ജയറാം
കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി മണിരത്‌നം 1984 ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉണരൂ’. മലയാളത്തിലൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ടി ദാമോദരനായിരുന്നു. മോഹന്‍ലാലിന് പുറമെ സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, ബാലന്‍ കെ നായര്‍ എന്നിവരായിരുന്നു പ്രധാനഅഭിനേതാക്കള്‍. മണിരത്‌നത്തിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു അത്.
1984 ല്‍ ‘ഉണരൂ’വിന്റെ ചിത്രീകരണം നോക്കി നില്‍ക്കുമ്പോള്‍ ഒരിക്കലും താന്‍ ഒരു മണിരത്‌നം ചിത്രത്തിന്റെ അഭിനയിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് പറയുകയാണ് ജയറാം. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ തൃഷ, കാര്‍ത്തി, വിക്രം, ഐശ്വര്യ ലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു.
ജയറാമിന്റെ വാക്കുകള്‍
ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. കൊച്ചിന്‍ റിഫൈനറിയുടെ സമീപത്തുകൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോള്‍ അതിന് തൊട്ടടുത്തുള്ള എച്ച്.ഒ.സി എന്ന കമ്പനിയില്‍ ഒരു ആള്‍കൂട്ടം. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോള്‍ സിനിമ ഷൂട്ടിങ് ആണെന്ന് ആരോ പറഞ്ഞു. ആരാണ് സംവിധായകന്‍ എന്ന് തിരക്കിയപ്പോള്‍, പുതിയ ഒരാളാണ് മണിരത്‌നം എന്നാണ് പേരെന്നും അറിയാനായി. അന്ന് അവിടെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല പിന്നീട് ഞാന്‍ ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുമെന്ന്. അതൊരു വലിയ ഭാഗമായി.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നമ്പിയ്ക്ക് ഉയരം കുറവാണ്. ബാക്കി എല്ലാം കൊണ്ടും നമ്പിയായി ജയറാം ചേരുമെന്നും ഉയരം മാത്രം പ്രശ്‌നമാണെന്നും മണിരത്‌നം സാര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരു തരത്തിലുള്ള നടത്തം പരീക്ഷിക്കാമെന്ന്. അത് മണിരത്‌നം സാറിന് ഇഷ്ടമായി.
മണിരത്‌നം സാറിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. സിനിമ ഇങ്ങനെയും എടുക്കാം എന്ന് മനസ്സിലായത് അപ്പോഴാണ്. തായ്‌ലന്റില്‍ ആയിരുന്നു ആദ്യഭാഗങ്ങള്‍. എനിക്ക് ചിലപ്പോള്‍ ഒരു ദിവസത്തെ ഷെഡ്യൂളില്‍ ഒരു സീന്‍ മാത്രമേ അഭിനയിക്കേണ്ടതായി വരൂ. എന്നിരുന്നാലും ഞാന്‍ തിരിച്ചു പോകാതെ സെറ്റില്‍ തന്നെ തുടരും. മണിരത്‌നം സാറിന് പിറകില്‍ പോയി നില്‍ക്കും.
ഒരു ദിവസം നാല് സീനുകള്‍ എടുക്കണമെന്നായിരുന്നും മണിരത്‌നം സാര്‍ മനസ്സില്‍ കരുതിയിരിക്കുക. ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നൂറ് കണക്കിന് കുതിരകളും മറ്റു അഭിനേതാക്കളും ഉണ്ടായിരിക്കും. ഇതെല്ലാം ഒരു ദിവസം കൊണ്ട് തീരുമോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. പക്ഷേ അഞ്ചു മണിയ്ക്ക് മുന്‍പ് എല്ലാം തീര്‍ത്ത് അദ്ദേഹം പാക്കപ്പ് പറയും.
എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെയൊരു സംവിധായകനെ കണ്ടിട്ടില്ല. ഷൂട്ടിങിന് ശേഷം ആറ് മണിയ്ക്ക് ഹോട്ടലില്‍ എത്തുന്നു. പിറ്റേ ദിവസത്തേക്കുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. എഴ് മണിക്കുള്ളില്‍ അദ്ദേഹം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരെയും വിളിച്ച് അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കും. പിറ്റേ ദിവസത്തേക്ക് വേണ്ടിയുള്ള രംഗങ്ങള്‍ക്കായി എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ചിരുന്ന തിരക്കഥ വായിക്കുന്ന പതിവുണ്ട്.
പഴയകാലത്തെ തമിഴാണ്, എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ അത് പറഞ്ഞു തരാനുള്ള ആളുകളും അവിടെയുണ്ടാകും. അത് പൂര്‍ത്തിയാക്കിയ ശേഷം എട്ട് മണിയാകുമ്പോള്‍ മണിരത്‌നം സാര്‍ ചോദിക്കും. ഒരു ബിയര്‍ വേണമോ എന്ന്. ഇതെല്ലാം കണ്ട് ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്- ജയറാം പറഞ്ഞു.