ഏതു പാതിരായ്ക്കും സ്ത്രീകള്‍ പേടിക്കേണ്ട; കൊച്ചിയില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു

കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്കു കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാര്‍ദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്.

ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. കെട്ടിടത്തിന്റെ ഇലക്ട്രിക്, ഇന്റീരിയര്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

പത്തു രൂപ ഊണിലൂടെ ഹിറ്റായ സമൃദ്ധി @ കൊച്ചിയോടു ചേര്‍ന്നുള്ളതാണ് ഈ കെട്ടിടം. നാലു നിലകളിലുള്ള കെട്ടിടത്തിന്റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികള്‍ ഉണ്ടാകും. ഒരാള്‍ക്ക് ഒരു മുറി എന്ന കണക്കില്‍ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്.

മുറിവാടക പിന്നീട് നിശ്ചയിക്കും. താഴത്തെ നിലയില്‍ വിശാലമായ ഡൈനിംഗ് ഹാള്‍ ഒരുക്കും. സമൃദ്ധി ഹോട്ടലില്‍ ഭാവിയില്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന മുറയ്ക്ക് ഷീ ലോഡ്ജിലെ താമസക്കാര്‍ക്ക് ഇവിടെനിന്നു ഭക്ഷണം കൊടുക്കാനാണ് പദ്ധതിയിടുന്നത്.

ഇവിടേയ്ക്കായി നാല്‍പതു ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ വാങ്ങാനായി കിറ്റ്കോയ്ക്ക് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. ഒരു കോടി രൂപയുടേതാണ് പ്ലാന്‍ ഫണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്.

ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു വിദഗ്ദ്ധ പരിശീലനം നല്‍കും. ഷീ ലോഡ്ജ് ഒരുങ്ങുന്നത് നഗരമധ്യത്തില്‍ ആയതിനാല്‍ ഏതു പാതിരായ്ക്കും ഇവിടെ എത്താമെന്നതാണ് ഇതിന്റെ സവിശേഷത. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു നടക്കാവുന്ന ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്. തൊട്ടടുത്തുള്ള നോര്‍ത്ത് ബസ് സ്റ്റോപ്പില്‍നിന്നു നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു ബസ് കിട്ടും.

മെട്രോ ട്രെയിനില്‍ യാത്രചെയ്യേണ്ടവര്‍ക്ക് അടുത്തുള്ള ടൗണ്‍ ഹാള്‍ സ്റ്റേഷനില്‍നിന്നു വണ്ടി കയറാം. കലൂര്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് എന്നിവയെല്ലാം അടുത്ത സ്ഥലങ്ങളാണ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അടുത്തുതന്നെയാണ്.

ഷീ ലോഡ്ജിന്റെ പണി പൂര്‍ത്തിയായി വരുകയാണ്. പുതുവര്‍ഷ സമ്മാനമായി ഇതു ജനങ്ങളിലെത്താക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News