സെവിയ്യ: ഒരു പായ്കപ്പലിൽ ഉലകംചുറ്റി അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിനെ സംബന്ധിച്ചുള്ള ഒരു വലിയ നിഗൂഢതയുടെ ചുരുളഴിഞ്ഞു. നീണ്ട ഗവേഷണത്തിനൊടുവിൽ, കണ്ടെത്തിയ ശരീരഭാഗങ്ങൾ കൊളംബസിന്റേതെന്ന് സ്ഥിരീകരിച്ചതോടെ നിരവധി സംശയങ്ങളുടെ മുനകളും ഒടിഞ്ഞു.
20 വർഷം മുൻപ് സ്‌പെയിനിലെ സെവിയ്യ കത്തീഡ്രൽ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളിൽ നിന്നാണ് ഗവേഷണസംഘം വലിയൊരു അന്വേഷണത്തിന് തുടക്കമിട്ടത്. കൊളംബസിന്റേതെന്ന് സംശയിക്കുന്ന കുറച്ച് അസ്ഥികളാണ് അന്ന് ലഭിച്ചത്. ശേഷം കൊളംബസിന്റെ പിൻതലമുറക്കാരായ സഹോദരൻ ഡീഗോയുടെയും മകൻ ഹെർണാണ്ടോയുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് സംഘത്തിന് ലഭിച്ച അസ്ഥികളെ പരിശോധിച്ചു. ഇതിൽ വളരെ വലിയ സാമ്യമാണ് സംഘം കണ്ടെത്തിയത്.
ഇവയ്ക്ക് പുറമെ കൊളംബസ് ക്രൈസ്തവനായിരുന്നില്ല ജൂതനായിരുന്നെന്നും ഗവേഷണസംഘം കണ്ടെത്തി. 1451ൽ ഇറ്റലിയിലെ ജെനോവയിലാണ് കൊളംബസ് ജനിച്ചതെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ കൊളംബസ് സ്പെയിനിലാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം ജൂതനായിരുന്നുവെന്നുമാണ് ഗവേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.
മതപീഡനം സഹിക്കവയ്യാതെ ഒരുപക്ഷെ അദ്ദേഹം വ്യക്തിത്വം മറച്ചുവെക്കുകയോ, ക്രൈസ്തവനായി മതംമാറിയതോ ആകാമെന്ന് ഗവേഷകർ സംശയിക്കുന്നുണ്ട്. ഇതോടെ ചരിത്രകാരന്മാരെ നിരന്തരം കുഴപ്പിച്ച, നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
കൊളംബസിന്റെ മരണശേഷം മൃതദേഹം പലയിടത്തേക്ക് മാറ്റിയത് ഒരു ഘട്ടത്തിൽ അന്വേഷണസംഘത്തെ കുഴപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ എവിടെയാണ് കൃത്യമായ സ്ഥലം എന്നതിനെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. 1506ൽ സ്‌പെയിനിൽ വെച്ചായിരുന്നു കൊളംബസ് മരിച്ചത്. പിന്നീട് ശരീരം കരീബിയൻ ദ്വീപായ ഹിസ്പാനിയോലയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ക്യൂബ, സെവിയ്യ എന്നിവിടങ്ങളിലേക്ക് എത്തിച്ചുവെന്നാണ് കരുതപ്പെടുന്നത്.
സെവിയ്യയിലെ കത്രീഡലിൽ നിന്ന് ലഭിച്ചത് കൊളംബസിന്റെ മൃതദേഹാവശിഷ്ടം എന്ന് സ്ഥിരീകരിച്ചതോടെ ആ ചോദ്യത്തിനും ഒടുവിൽ ഉത്തരമായിരിക്കുകയാണ്. സ്‌പെയിനിലെ ദേശീയ ബ്രോഡ്‌കാസ്റ്റിംഗ് ചാനലായ ആർടിവിയിലൂടെയാണ് നിർണായകമായ ഈ കണ്ടെത്തലുകൾ പുറംലോകം അറിഞ്ഞത്.