തിരുവനന്തപുരം: കോളേജ് അധ്യാപകനിയമനത്തിന് നെറ്റ് പരീക്ഷയിൽ യോഗ്യത നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാനസർക്കാർ റദ്ദാക്കി. യു.ജി.സി. അംഗീകരിച്ച സംസ്ഥാനതല യോഗ്യതാപരീക്ഷ പാസായവരെ കോളേജുകളിൽ അസി. പ്രൊഫസർമാരായി നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്യാനായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ് ഈയിടെ പുറപ്പെടുവിച്ച ഉത്തരവ്.
അസി. പ്രൊഫസർമാരെ നേരിട്ടു നിയമിക്കാൻ നെറ്റിനുപുറമേ, സംസ്ഥാനതല യോഗ്യതാപരീക്ഷകൾ പാസായവരെയും പരിഗണിക്കാമെന്നാണ് യു.ജി.സി. വ്യവസ്ഥ. പുതിയ സർക്കാർ ഉത്തരവ് വന്നതോടെ നെറ്റ് നിർബന്ധമല്ലെന്നും മറ്റു സംസ്ഥാനങ്ങളിലെ യോഗ്യതാപരീക്ഷ പാസായാൽ കേരളത്തിൽ നിയമനം നൽകാനാകുമെന്നും വ്യാഖ്യാനം വന്നു.
എന്നാൽ, പ്രത്യേകം യോഗ്യതാപരീക്ഷ നടത്തുന്ന സംസ്ഥാനങ്ങൾക്കുമാത്രം ബാധകമായിട്ടുള്ളതാണ് യു.ജി.സി.യുടെ ഭേദഗതി. കേരളത്തിലാവട്ടെ, കോളേജ് അധ്യാപകനിയമനത്തിന് അങ്ങനെയൊരു പരീക്ഷ നടക്കുന്നില്ല.
ഹയർസെക്കൻഡറി നിയമനത്തിന് സംസ്ഥാനതല യോഗ്യതാപരീക്ഷ (സെറ്റ്) നടക്കുന്നുമുണ്ട്. ഈ പരീക്ഷയും യു.ജി.സി. അംഗീകൃത പരീക്ഷയും തമ്മിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ മുൻ ഉത്തരവ് റദ്ദാക്കുന്നതായി ഉന്നതവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.