കാഞ്ഞങ്ങാട് ∙ കോളജ് വിദ്യാർഥിനി നന്ദ വിനോദ് തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ.അബ്ദുൽ ഷുഹൈബിനെ (20) ആണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്.
രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. സ്നേഹം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബ് ഭീഷണി മുഴക്കിയതായി പറയുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ആലാമിപ്പള്ളിയിലെ പാചക തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാർ -കെ.എസ്.മിനി ദമ്പതികളുടെ ഏകമകൾ നന്ദ വിനോദിന്റെ (20) മരണ വുമായി ബന്ധപ്പെട്ടാണ് അബ്ദുൽ ഷുഹൈബിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് നന്ദ വീടിന്റെ മുകൾ നിലയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്. യുവാവുമായി വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് വിദ്യാർഥിനി തൂങ്ങിമരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മരണത്തിനു മുൻപ് ഷുഹൈബ് നന്ദക്ക് മൊബൈലിൽ സന്ദേശമയച്ചതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ അബ്ദുൽ ഷുഹൈബിനെ റിമാൻഡ് ചെയ്തു.