ഭോപാല്‍: കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ലക്ഷിത ചൗധരി(22)യുടെ മൃതദേഹമാണ് അഴുകിയനിലയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് മോനു എന്ന മനോജ് ചൗഹാനെ(35) പോലീസ് അറസ്റ്റ്‌ചെയ്തു.
കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വീട്ടിനുള്ളിലെ വീപ്പയ്ക്ക് സമീപത്തായാണ് പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്. യുവതിയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പിച്ചതോടെ മൃതദേഹം ഒരു പുതപ്പിട്ട് മൂടിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.
സെപ്റ്റംബര്‍ 29 മുതലാണ് ലക്ഷിതയെ കാണാതായത്. കോളേജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാര്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ലക്ഷിതയും മനോജ് ചൗഹാനും തമ്മില്‍ അടുപ്പത്തിലാണെന്ന് വ്യക്തമായത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സെപ്റ്റംബര്‍ 29-ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പോലീസിനെയും ലക്ഷിതയുടെ വീട്ടുകാരെയും കബളിപ്പിക്കാനും ശ്രമം നടത്തി. ലക്ഷിതയും താനും ഒരുമിച്ചുണ്ടെന്നും തങ്ങള്‍ ഒരുയാത്രയിലാണെന്നും ഇയാള്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച വൈകീട്ടോടെ ലക്ഷിതയെ താന്‍ കൊലപ്പെടുത്തിയതായി പ്രതിതന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം വാടകവീട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ പ്രതി പോലീസില്‍ കീഴടങ്ങുകയുംചെയ്തു.
പ്രതിയുടെ മൊഴിയനുസരിച്ച് പോലീസ് ഇയാളുടെ വാടകവീട്ടില്‍ പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളില്‍ വീപ്പയ്ക്ക് സമീപത്തായിട്ടായിരുന്നു മൃതദേഹം. ഗര്‍ബ നൃത്തത്തിനുള്ള വസ്ത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
ലക്ഷിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന വിവരം തനിക്ക് കിട്ടിയെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. ഒരുവര്‍ഷമായി താനും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ എട്ടുവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.


