പത്തനംതിട്ട: മഴ ശക്തമായി കഴിഞ്ഞാൽ പിന്നെ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ വിദ്യാർഥികളുടെ തിരക്കാണ്. അവധി ചോദിച്ചും നാട്ടിൽ ശക്തമായ കാറ്റും മഴയുമാണെന്ന് പറഞ്ഞും വിദ്യാർഥികൾ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് സെക്ഷനും ഇൻബോക്സുമൊക്കെ കീഴടക്കും. ഇപ്പോഴിതാ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണനോട് അവധി ചോദിച്ച് ഒരു വിദ്യാർഥി അയച്ച സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
അവധി ചോദിച്ച് അയച്ച സന്ദേശത്തിലെ അക്ഷരപ്പിശക് ചൂണ്ടിക്കാട്ടി മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതം കളക്ടർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചോദ്യത്തിന് മറുപടിയായി- അവധി ചോദിക്കാതെ സ്കൂളിൽ പോകാനാണ് കളക്ടർ പറയുന്നത്. കൂടാതെ, മലയാളം ക്ലാസിൽ കയറണമെന്നും കളക്ടർ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. തത്ക്കാലം ഈ ദിവസം അവധിയില്ലെന്നും കളക്ടർ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇത്തവണ എട്ടുദിവസം മുന്‍പേ കേരളത്തില്‍ കാലവര്‍ഷമെത്തിയിരുന്നു. മേയ് 24-നാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷമെത്തിയത്. 16 കൊല്ലത്തിനിടെ ഇതാദ്യമായിട്ടായിരുന്നു കേരളത്തില്‍ കാലവര്‍ഷം ഇത്ര നേരത്തെയെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയാണ് കേരളത്തില്‍ കാലവര്‍ഷമെത്താറുള്ളത്.

