പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോർട്ടിന് മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.
കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ഷുഭിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.
ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോരും വിമർശനങ്ങളുമുണ്ടായ സ്ഥിതി പിന്നീടുണ്ടായി. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എംഎൽഎ ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി.