FeaturedHome-bannerKeralaNews

ഈ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂർ കോഴഞ്ചേരി പ്രദേശങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ പലയിടത്തും വെള്ളം കയറി. കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. നേരിയ തോതിൽ മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.

പുലർച്ചെ ഒരു മണിയോടെയാണ് ജില്ലയിൽ അതിശക്തമായ മഴ തുടങ്ങിയത്. ആറര മണിക്കൂർ നീണ്ട് നിന്ന മഴ ഏറ്റവും അധികം ദുരിതം വിതച്ചത് മല്ലപ്പള്ളി താലൂക്കിലാണ്. കോട്ടാങ്ങൽ, കൊറ്റനാട്, ആനിക്കാട്, വെണ്ണിക്കുളം പ്രേദേശങ്ങളിൽ പല വീടുകളും രാവിലെ ഒറ്റപ്പെട്ടു. പലയിടത്തും റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചുങ്കപ്പാറ കവലയിൽ എട്ടടിയോളം ഉയത്തിലാണ് വെള്ളം കയറിയത്. ചെറുതും വലുതുമായ എഴുപത്തിയഞ്ചോളം കടകൾ വെള്ളത്തിൽ മുങ്ങി. ഓണം മുന്നിൽ കണ്ട് സ്റ്റോക്ക് എടുത്ത കച്ചവടക്കാരുടെ കടകളിലെ സാധനങ്ങളെല്ലാം നശിച്ചു. എഴുമറ്റൂർ മലവെള്ളപാച്ചിലിൽ ഒരു കട തകർന്ന് വീണു. വേങ്ങഴ സ്വദേശി ജോസിന്‍റെ കടയാണ് നിലം പതിച്ചത്.

ചുങ്കപ്പാറ സ്വദേശി മുനീറിന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറ് വെള്ളത്തിൽ ഒലിച്ചു പോയി. ഉരുക്കുഴി തോടിന് സമീപത്തെ പാലത്തിന്‍റെ തൂണിൽ കുടുങ്ങി കിടന്ന കാറ് ആറ് മണിക്കൂർ പണിപ്പെട്ടാണ് നാട്ടാകാർ കരക്കെത്തിച്ചത്. കാറ് പൂർണമായും തകർന്നു. കനത്ത മഴയിൽ വെണ്ണിക്കുളം സെന്റ് ബെഹനാസ് സ്കൂളിന്‍റെ പാചകപ്പുരയും ശുചിമുറിയും തകർന്നു. പത്തനംതിട്ട നഗരത്തിലെ വെട്ടിപ്പുറത്ത് ഭക്ഷ്യ ഗോഡൗണിൽ വെള്ളം കയറി അരിയും പലചരക്ക് സാധനങ്ങളും നശിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തും വെള്ളം കയറി വ്യാപക നാശങ്ങളുണ്ടായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപായമില്ല. ഇലന്തൂർ പാട്ടത്തറയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്ത് നിന്ന് ഒൻപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button