നെടുങ്കണ്ടം: സര്‍ക്കാര്‍ സ്‌കൂളിലെ ലാബില്‍ വെച്ച് അധ്യാപികയെ കടന്നു പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അധ്യാപകനെ സ്ഥലം മാറ്റി. വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ അധ്യാപകനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച് വകുപ്പ് തല നടപടിയുടെ ആദ്യ ഘട്ടമായാണ് സ്ഥലം മാറ്റം. ഈ വര്‍ഷം മാര്‍ച്ചിലാണ് അധ്യാപികയോട് ഇയാള്‍ മോശമായി പെരുമാറിയത്. ഇയാള്‍ ലൈംഗീക ചുവയോടെ സംസാരിക്കുന്നു, ലാബില്‍ വെച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നെല്ലാം കാണിച്ചാണ് നെടുങ്കണ്ടം പോലീസില്‍ അധ്യാപിക പരാതി നല്‍കിയത്.
അധ്യാപകന്റെ ഭാഗത്ത് നിന്ന് പെരുമാറ്റം മോശമായപ്പോള്‍ മേലധികാരികളെ ഇത് അറിയിച്ചിരുന്നു. എന്നാല്‍ അധ്യാപകന് എതിരെ നടപടി എടുത്തില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ മറ്റ് ഇടപെടലുകളെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതി അധ്യാപിക പിന്‍വലിച്ചു. പകരം വകുപ്പ് തലത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മേലധികാരികള്‍ക്ക് പരാതി നല്‍കി. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നടപടി.