കോയമ്പത്തൂർ: കോയമ്പത്തൂർ ചാവേർ സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പഗാണ്ട വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ഇയാൾ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്റാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെൻഡ്രൈവിൽ പുതിയ വീഡിയോ ചേർത്തിട്ടില്ല.
2019ലാണ് ജമേഷ മുബിനെ എൻഐഎ ചോദ്യം ചെയ്തത്. യുവാക്കൾക്കിടയിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്നായിരുന്നു അന്ന് എൻഐഎ ചോദ്യം ചെയ്തത്. അന്ന് എൻഐഎ മുഹമ്മദ് അസ്ഹറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ ഹിദായത്തുള്ള രണ്ട് വർഷം മുമ്പ് പുറത്തിറങ്ങി. അസ്ഹറുദ്ദീനാണ് മോഡ്യൂളിന്റെ തലവനെന്നും ഖിലാഫത്ത് ജിഎഫ്എക്സ് എന്ന ഫേസ്ബുക് പേജ് ഇവർ കൈകാര്യം ചെയ്തിരുന്നതായും എൻഐഎ പറഞ്ഞിരുന്നു. കോയമ്പത്തൂരിലെ ഭീകരാക്രമണത്തിന് ശേഷമാണ് 2019ൽ എൻഐഎ ചോദ്യം ചെയ്തവരുടെയും അറസ്റ്റ് ചെയ്തവരുടെയും വീടുകളിൽ വ്യാപക പരിശോധന നടന്നത്.
ജമേഷ മുബീന്റെ ഭാര്യക്ക് ഇവരുടെ പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ബധിരയും മൂകയുമായ ഇവരെയും പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവ സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം അസംസ്കൃത പദാർത്ഥങ്ങൾ കൂടാതെയുള്ള തൊണ്ടി മുതലുകളിൽ പെടുന്നു.