കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂട്ട ആൾനാശമാണ് സ്ഫോടനത്തിന്‍റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്.
കോയമ്പത്തൂർ കാർ സ്ഫോടനത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നെങ്കിലും പദ്ധതിയിട്ട സംഘം അവശേഷിപ്പിച്ച തെളിവുകളിൽ അതിവേഗം അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള അഞ്ചു പേരുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. രാമനാഥപുരം ജില്ലയിലെ ഏർവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തു. ഇവർ സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അൽ ഉമ്മയുടെ പ്രവർത്തകരും അന്വേഷണ പരിധിയിലുണ്ട്.
ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സ്ഫോടകവസ്തുക്കളുണ്ടാക്കാനുള്ള അസംസ്കൃത പദാർത്ഥങ്ങൾ ഓർഡർ ചെയ്യാൻ ഉപയോഗിച്ചത് അറസ്റ്റിലായ ആറാമൻ അസ്ഫർ ഖാന്‍റെ ലാപ്ടോപ്പാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഈ ലാപ്ടോപ്പിന്‍റെ സൈബർ ഫോറൻസിക് ഫലം ഉടനെത്തും. കൂടുതൽ ആളുകൾ കൂടുതൽ ഗാഡ്ജെറ്റുകൾ ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. മരിച്ച ജമേഷ മുബീൻ മുമ്പ് കേരളത്തിലെത്തിയത് ചികിത്സക്കായാണ് എന്നാണ് കിട്ടിയ വിവരം. എന്നാൽ ചികിത്സയുടെ മറവിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ അനുബന്ധ കേസുകളും രജിസ്റ്റർ ചെയ്യും. നിലവിൽ കസ്റ്റഡിയിലുള്ള ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനും സാധ്യതയുണ്ട്.