കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. പേരാമ്പ്ര കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ വീടിന് തൊട്ടടുത്ത കണിയാംകണ്ടി മീത്തൽ പറമ്പിൽ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് അപകടം. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഞായർ ഉച്ചക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: രാജൻ പിള്ള. മക്കൾ: ഷീബ, ഷീബേഷ്. മരുമകൻ: ഗംഗൻ (പാലേരി).
കാസര്‍കോട് നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണത്. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്ക്കൂട്ടറിൽ ഇടിച്ച് പാലത്തിന്റെ കൈവരി തകർത്ത് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്കേറ്റു.
കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് രാവിലെ ക്ലീനര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.