തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ വാക്കുകൾ
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നൽകിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നൽകുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റിൽ ന്യായ വിലക്ക് ലഭ്യമാക്കും.
മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ നാളികേരം കൂടുതൽ ഉപയോഗിക്കുന്നതിനാൽ കാര്‍ഷിക മേഖലയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കൊപ്ര കിലോയ്‌ക്ക് 290-300 രൂപയാണ്. കൊപ്ര വെളിച്ചെണ്ണയാക്കുമ്പോള്‍ നല്ല മെഷിനില്‍ 600 മില്ലിയേ കിട്ടൂ. മുതലാകണമെങ്കില്‍ 490-500 രൂപ വരെ കിട്ടണമെന്നു കച്ചവടക്കാര്‍ പറയുന്നു. വിപണി വില പിടിച്ചുനിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം കേര ഫെഡ് 299 രൂപയ്‌ക്കു കൊപ്ര വാങ്ങാന്‍ തീരുമാനിച്ചതു വിലക്കയറ്റത്തിനിടയാക്കി. കേര ഫെഡ് വെളിച്ചെണ്ണ വില 419ല്‍ നിന്ന് 529ലേക്ക് ഉയര്‍ത്തുകയും ചെയ്തു. പഴയ ടെന്‍ഡറില്‍ കൊപ്ര നിശ്ചയിച്ചതില്‍ 10 ശതമാനമേ ലഭിച്ചുള്ളെന്നും അതിനാലാണ് വില കൂട്ടിയതെന്നുമുള്ള ന്യായമാണ് കേര ഫെഡിന്. വില നിയന്ത്രിക്കേണ്ട കേര ഫെഡ് തന്നെ വില വര്‍ധനയ്‌ക്കു കാരണക്കാരാകുന്നു.
തേങ്ങ മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കു മാറിയതും ദൗര്‍ലഭ്യത്തിനു കാരണമായി. കര്‍ഷകര്‍ക്കു കരിക്ക് വലിയ വിപണിയാണ്. വീട്ടില്‍ വന്നു നല്ല വിലയ്‌ക്കു കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കരിക്കു വാങ്ങും. ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീമുകള്‍ക്കും കരിക്ക് വ്യാപകമായി പോകുന്നുണ്ട്. ഇതോടെ സംസ്ഥാനത്തു തേങ്ങ കിട്ടാനില്ല. കാലാവസ്ഥയും വിളവിനെ ബാധിച്ചു.
ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് തേങ്ങയെത്തുന്നത്. നാടന്‍ തേങ്ങയുടെ ഗുണമില്ലെങ്കിലും വന്‍വിലയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തേങ്ങയെ ആശ്രയിച്ചാണ് വിപണി പോകുന്നത്. ഭക്ഷ്യ ഉത്പന്ന വിപണിയിലെ കുത്തകകള്‍ ബ്രാന്റഡ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നതും വന്‍തോതില്‍ കൊപ്ര ശേഖരിക്കുന്നതും വില വര്‍ധനയ്‌ക്ക് ഇടയാക്കുന്നു. കുറഞ്ഞ വിലയ്‌ക്കു കൊപ്ര ശേഖരിക്കുന്ന ഇവരുടെ വെളിച്ചെണ്ണയ്‌ക്കു വന്‍ വിലയാണ്. ഫലത്തില്‍ കേരകര്‍ഷകര്‍ക്കു വില വര്‍ധനയിലൂടെ വലിയ നേട്ടമൊന്നുമില്ല.
തമിഴ്‌നാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ 350-400 രൂപയ്‌ക്കു ജനങ്ങള്‍ വ്യാപകമായി വാങ്ങുന്നു. സാധാരണക്കാര്‍ക്കു മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ എണ്ണകളിലേക്കു തിരിയുന്നത്. ഓണം അടുത്തിരിക്കേ വിപണിയില്‍ ഇടപെട്ടു വില നിയന്ത്രിക്കേണ്ട സര്‍ക്കാരോ കേര ഫെഡോ അതിനു തയാറാകാതെ വില വര്‍ധനയ്‌ക്കു ചുക്കാന്‍ പിടിക്കുകയാണ്.


